നികുതിക്കൊള്ള അവസാനിപ്പിക്കാൻ തെരഞ്ഞെടുപ്പ് വേണമെന്ന് രാഹുൽ
Monday, October 25, 2021 12:52 AM IST
ന്യൂഡൽഹി: ഇന്ധന വില വർധനവിനെതിരേ വിമർശനവുമായി കോണ്‍ഗ്രസ് നേതാക്കൾ. കേന്ദ്ര സർക്കാരിന്റെ നികുതി ക്കൊള്ള അവസാനിക്കണമെങ്കിൽ തെരഞ്ഞെടുപ്പ് വരണമെന്നാണ് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ഉത്തർപ്രദേശിലെ ബാരബങ്കിയിൽ ശനിയാഴ്ച പ്രതിജ്ഞ യാത്രയിൽ പങ്കെടുക്കകയായിരുന്ന പ്രിയങ്കയും മോദി സർക്കാരിനെ വിമർശിച്ചിരുന്നു.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പെട്രോളിന് 23 രൂപയാണ് വർധിപ്പിച്ചത്. രാജ്യത്തെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിലാണ് മോദി സർക്കാർ റിക്കാർഡ് ഇട്ടിരിക്കുന്നത്. തൊഴിലില്ലായ്മയിലും പൊതുമുതൽ വിറ്റു നശിപ്പിക്കുന്നതിലും ഇന്ധന വില വർധിപ്പിക്കുന്നതിലും മോദി സർക്കാർ റിക്കാർഡ് സ്വന്തമാക്കി എന്നാണ് പ്രിയങ്ക പ്രതികരിച്ചത്.
കോണ്‍ഗ്രസിന്റെ മുഖ്യ വക്താവ് രണ്‍ദീപ് സുർജേവാലയും പ്രിയങ്കയുടെ ട്വീറ്റ് പങ്കുവച്ചു. തുടർച്ചയായ അഞ്ചാമത്തെ ദിവസമാണ് രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്നത്. ഞായറാഴ്ച ലിറ്ററിന് 35 പൈസ നിരക്കിൽ പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു.