മധ്യപ്രദേശിൽ കത്തോലിക്കാ സ്കൂളിനു നേർക്ക് ആക്രമണം
Tuesday, December 7, 2021 12:47 AM IST
ന്യൂഡൽഹി: മധ്യപ്രദേശിലെ ഗഞ്ച് ബസോഡ പട്ടണത്തിൽ അഞ്ഞൂറിലധികം വരുന്ന അക്രമികൾ കത്തോലിക്കാ സ്കൂൾ ആക്രമിച്ചു. മതപരിവർത്തനം ആരോപിച്ചാണ് സെന്റ് ജോസഫ്സ് സ്കൂളിനു നേരേ ആക്രമണം നടത്തിയതെന്നു പ്രിൻസിപ്പൽ ബ്രദർ ആന്റണി പൈനുങ്കൽ എം എംബി പറഞ്ഞു.
വിദ്യാർഥികളെ നിർബന്ധിത മതപരിവർത്തനത്തിനു വിധേയരാക്കുകയാണെന്ന് ആരോപിച്ച് നവംബർ 30ന് ഏതാനും ഹിന്ദു സംഘടനകൾ നിവേദനം നല്കിയിരുന്നു. തുടർന്ന് മാനേജ്മെന്റ് പോലീസിനെ വിവരമറിച്ചു.
ജനക്കൂട്ടം സ്കൂളിലെത്തി ആക്രമണം നടത്തുന്പോൾ വെറും രണ്ടു പോലീസുകാരെ മാത്രമാണു സ്കൂളിൽ വിന്യസിച്ചതെന്നും അവർക്ക് ഒന്നും ചെയ്യാനായില്ലെന്നും ബ്രദർ ആന്റണി പൈനുങ്കൽ പറഞ്ഞു.
പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ നടക്കുന്ന സമയത്തായിരുന്നു ആക്രമണം. സ്കൂളിലെ 1500 വിദ്യാർഥികളിൽ ഒരു ശതമാനത്തിൽ താഴെയാണു ക്രൈസ്തവർ.