പഞ്ചാബ് മന്ത്രിയെ പുറത്താക്കണമെന്ന് കോൺഗ്രസ് നേതാക്കൾ
Wednesday, January 19, 2022 1:20 AM IST
ചണ്ഡിഗഡ്: പഞ്ചാബ് മന്ത്രി റാണാ ഗുർജീത് സിംഗിനെ പാർട്ടിയിൽ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് നാലു കോൺഗ്രസ് നേതാക്കൾ കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധിക്കു കത്തയച്ചു. കോൺഗ്രസിനെ ദുർബലപ്പെടുത്തുന്ന നീക്കങ്ങളാണു മന്ത്രി നടത്തുന്നതെന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.
മന്ത്രിയുടെ മകൻ റാണാ ഇന്ദർ പ്രതാപ് സിംഗ് സുൽത്താൻപുർ ലോധി മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. സിറ്റിംഗ് എംഎൽഎ നവ്തേജ് സിംഗ് ചീമയ്ക്കാണു സുൽത്താൻപുർ ലോധി മണ്ഡലത്തിൽ കോൺഗ്രസ് സീറ്റ് നല്കിയിരിക്കുന്നത്.
നവ്തേജ് സിംഗ് ചീമ, എംഎൽഎമാരായ അവതാർ സിംഗ് ജൂണിയർ, ബൽവിന്ദർ സിംഗ് ധലിവാൾ, മുൻ എംഎൽഎ സുഖ്പാൽ സിംഗ് ഖയ്ര എന്നിവരാണ് കോൺഗ്രസ് അധ്യക്ഷയ്ക്കു കത്തയച്ചത്. അഴിമതിയാരോപണത്തെത്തുടർന്ന് 2018ൽ റാണാ ഗുർമീത് സിംഗ് രാജിവച്ചിരുന്നു. ചരൺജിത് സിംഗ് ചന്നി മുഖ്യമന്ത്രിയായതോടെ ഗുർമീതിനെ വീണ്ടും മന്ത്രിയാക്കുകയായിരുന്നു.