അമർ ജവാൻ ജ്യോതി അണച്ചു; ഇനി യുദ്ധസ്മാരകത്തിൽ
Saturday, January 22, 2022 1:33 AM IST
ന്യൂഡൽഹി: രാജ്യത്തിനുവേണ്ടി ജീവൻ വെടിഞ്ഞ സൈനികരുടെ ഓർമയ്ക്കായി 50 വർഷമായി രാജ്യതലസ്ഥാനത്തു ജ്വലിച്ചു കൊണ്ടിരുന്ന ഇന്ത്യാ ഗേറ്റിലെ അമർ ജവാൻ ജ്യോതി അണച്ചു. തൊട്ടടുത്തു പുതുതായി നിർമിച്ച ദേശീയ യുദ്ധസ്മാരകത്തിലേക്ക് അമർ ജവാൻ ജ്യോതി മാറ്റി സ്ഥാപിക്കുകയായിരുന്നു.
1971ലെ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യക്കുവേണ്ടി വീരചരമം പ്രാപിച്ച സൈനികരുടെ ഓർമയ്ക്കായി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിർദേശപ്രകാരമാണ് ഇന്ത്യാ ഗേറ്റിൽ ഒരിക്കലും അണയാത്ത അമർ ജവാൻ ജ്യോതി സ്ഥാപിച്ചത്.
1971ലെ റിപ്പബ്ലിക് ദിനത്തിലായിരുന്നു ആദ്യമായി ഈ അണയാദീപം തെളിച്ചത്. അഞ്ചു പതിറ്റാണ്ടായി കോടിക്കണക്കിന് ഇന്ത്യക്കാരുടെ വികാരമായിരുന്ന അമർ ജവാൻ ജ്യോതിയെ നരേന്ദ്ര മോദി സർക്കാർ കഴിഞ്ഞ വർഷം നിർമിച്ച ദേശീയ യുദ്ധസ്മാരകത്തിലേക്കു ഇന്നലെ ലയിപ്പിച്ചുവെന്നാണ് ഔദ്യോഗിക വിശദീകരണം.
ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് മേധാവി എയർ മാർഷൽ ബാലഭദ്ര രാധാകൃഷ്ണയാണ് അമർ ജവാൻ ജ്യോതിയെ 400 വാര മാത്രം അകലെയുള്ള നാഷണൽ വാർ മെമ്മോറിയലിലെ ജ്യോതിയിലേക്കു ലയിപ്പിച്ചത്.
ഇന്ത്യാ ഗേറ്റിൽ ആലേഖനം ചെയ്തിട്ടുള്ള പേരുകൾ ഒന്നാം ലോകമഹായുദ്ധത്തിലും ആംഗ്ലോ അഫ്ഗാൻ യുദ്ധത്തിലും കൊല്ലപ്പെട്ട ബ്രിട്ടീഷ് സൈനികരുടേതാണെന്നു കേന്ദ്ര പ്രതിരോധ മന്ത്രാലയം വിശദീകരിച്ചു. യുദ്ധത്തിൽ മരിച്ച ഇന്ത്യൻ സൈനികരുടെ പേരുകളോ മറ്റു വിവരങ്ങളോ ഇവിടെ സ്ഥാപിച്ചിട്ടില്ല.
രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം സംഭവിച്ച യുദ്ധങ്ങളിൽ വീരമൃത്യു വരിച്ച സൈനികരുടെ പേരുകൾ ദേശീയ യുദ്ധസ്മാരകത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. അതിനാൽ അമർ ജവാൻ ജ്യോതി എരിയുന്നതിന് ഏറ്റവും ഉചിതമായ സ്ഥലം ദേശീയ യുദ്ധസ്മാരകം തന്നെയാണെന്നാണു കേന്ദ്രത്തിന്റെ വിശദീകരണം.
ജോർജ് കള്ളിവയലിൽ