ചന്നിയെ മുഖ്യമന്ത്രിസ്ഥാനാർഥിയാക്കണമെന്നു ഭൂരിപക്ഷം കോൺഗ്രസ് നേതാക്കളും
Monday, January 24, 2022 1:32 AM IST
ചണ്ഡിഗഡ്: ചരൺജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രിസ്ഥാനാർഥിയാക്കി തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് കോൺഗ്രസിൽ ഭൂരിഭാഗം നേതാക്കളും. എന്നാൽ, കൂട്ടായ നേതൃത്വത്തിന്റെ കീഴിൽ തെരഞ്ഞെടുപ്പ് പോരാട്ടം നടത്തണമെന്നാണു കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിലപാട്.
പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രിയായ ചന്നിയെ നേതൃസ്ഥാനത്തേക്ക് ഉയർത്തുന്നത് ഗുണം ചെയ്യുമെന്നാണ് പ്രധാന നേതാക്കളെല്ലാം പറയുന്നത്. സംസ്ഥാനത്തെ ജനസംഖ്യയിൽ 32 ശതമാനം ദളിതരാണ്. 2012ലും 2017ലും അമരീന്ദർ സിംഗിനെ മുഖ്യമന്ത്രിസ്ഥാനാർഥിയായി പ്രഖ്യാപിച്ചാണു കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് മുതിർന്ന നേതാവ് ബ്രഹ്മം മൊഹിന്ദ്ര ചൂണ്ടിക്കാട്ടുന്നു. മൂന്നു മാസംകൊണ്ട് മുഖ്യമന്ത്രിയെന്ന നിലയിൽ ചന്നി കഴിവു തെളിയിച്ചുവെന്നു മൊഹിന്ദ്ര പറഞ്ഞു.
ചന്നി മുഖ്യമന്ത്രിയായി തുടരുമോയെന്ന കാര്യത്തിൽ ഉറപ്പു പ്രഖ്യാപിക്കാത്തത് കോൺഗ്രസിനു ദോഷകരമാകുമെന്നു മന്ത്രി റാണാ ഗുർജീത് സിംഗ് പറഞ്ഞു. മന്ത്രി തൃപ്ത് രജീന്ദർ സിംഗ് ബജ്വയും ഹർദേവ് സിംഗ് ലാഡി ഷെരോവാല എംഎൽഎയും ചന്നിക്കുവേണ്ടി വാദിക്കുന്നു. ആരു പഞ്ചാബ് മുഖ്യമന്ത്രിയാകണമെന്ന വിഷയത്തിൽ നടത്തിയ സർവേയിൽ ചന്നിക്ക് 68.7 ശതമാനം വോട്ട് ലഭിച്ചിരുന്നു. പിസിസി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിന് 11.5 ശതമാനം പേരുടെയും സുനിൽ ജാഖറിന് 10.4 ശതമാനം പേരുടെയും പിന്തുണയാണു കിട്ടിയത്.
പഞ്ചാബിൽ കോൺഗ്രസിന്റെ പ്രധാന എതിരാളിയായ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രിസ്ഥാനാർഥിയായി ഭഗവന്ത് മന്നിനെ പ്രഖ്യാപിച്ചിട്ടുണ്ട്. ശിരോമണി അകാലി ദൾ മുഖ്യമന്ത്രിസ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പാർട്ടിക്കു ഭൂരിപക്ഷം കിട്ടിയാൽ സുഖ്ബീർ സിംഗ് ബാദൽ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പാണ്.