തമിഴ്നാട്ടിൽ ഒമിക്രോൺ ബിഎ.4: രാജ്യത്ത് രണ്ടാമത്തെ കേസ്
Sunday, May 22, 2022 2:26 AM IST
ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് ബാധിതയായ യുവതിയെ ബാധിച്ചത് ഒമിക്രോൺ ബിഎ.4 വകഭേദമാണെന്നു സ്ഥിരീകരിച്ചു. കോവിഡിന്റെ ഉപവകഭേദമായ ഒമിക്രോൺ ബിഎ.4 സ്ഥിരീകരിച്ച രാജ്യത്തെ രണ്ടാമത്തെ രോഗിയാണിവർ. നേരത്തെ ഹൈദരാബാദിലും ഈ വകഭേദം സ്ഥിരീകരിച്ചിരുന്നു.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പത്തൊന്‍പതുകാരിയായ രോഗിയെ സന്ദർശിച്ചുവെന്നും ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും മന്ത്രി എം.എ. സുബ്രഹ്മണ്യൻ പറഞ്ഞു. കഴിഞ്ഞ നാലിനാണു രോഗിക്കും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്. ഇരുവരും പ്രതിരോധ വാക്സിൻ പൂർണഡോസും സ്വീകരിച്ചിരുന്നു. അമ്മയ്ക്കു ബാധിച്ചത് കോവിഡ് ബിഎ.2 വകഭേദമായിരുന്നുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.