വധശിക്ഷ: സുപ്രീംകോടതിയുടെ മാർഗനിർദേശങ്ങൾ
Sunday, May 22, 2022 2:26 AM IST
ന്യൂഡൽഹി: വധശിക്ഷ വിധിക്കുന്നതിന് രാജ്യത്തെ കോടതികൾക്കു സുപ്രീംകോടതി പ്രത്യേക മാർഗനിർദേശം പുറത്തിറക്കി. വിചാരണക്കോടതികൾ പലപ്പോഴും പകവീട്ടുന്നതുപോലെയാണ് വധശിക്ഷകൾ വിധിക്കുന്നതെന്നാണ് ജസ്റ്റീസ് യു.യു. ലളിത്, എസ്. രവീന്ദ്ര ഭട്ട്, ബേല എം. ത്രിവേദി എന്നിവർ ഉൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചത്.
സുപ്രീംകോടതിയുടെ മാർഗനിർദേശങ്ങൾ താഴെ.
• പ്രതിയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ വിചാരണഘട്ടത്തിൽതന്നെ ശേഖരിക്കണം.
• പ്രതിയുടെ മനോനിലയെക്കുറിച്ച് സർക്കാരിന്റെയും ജയിൽ അധികൃതരുടെയും റിപ്പോർട്ട് തേടണം.
• പ്രതി പശ്ചാത്തപിച്ചു മനഃപരിവർത്തനം നടത്താനുള്ള സാധ്യതയുണ്ടോയെന്നു സൂക്ഷ്മപരിശോധന നടത്തണം.
• കുടുംബപശ്ചാത്തലം ഉൾപ്പെടെ എല്ലാ വിവരങ്ങളും സർക്കാർ ശേഖരിച്ച് കോടതിക്കു നൽകണം.
സർക്കാരുകൾ പ്രതികളുടെ വ്യക്തിഗത വിവരങ്ങൾ സമയബന്ധിതമായി സമാഹരിച്ചു നൽകണമെന്നു സുപ്രീംകോടതി നിർദേശിച്ചു. താഴെപ്പറയുന്ന വിവരങ്ങളാണ് പ്രധാനമായും വേണ്ടത്:
• പ്രതിയുടെ പ്രായം.
• നേരത്തേയുള്ള കുടുംബപശ്ചാത്തലം (സഹോദരങ്ങൾ, മാതാപിതാക്കളുടെ സംരക്ഷണം, അക്രമപശ്ചാത്തലമോ നിയമലംഘനമോ നടത്തിയുണ്ടോ എന്നിവ).
• നിലവിലെ കുടുംബപശ്ചാത്തലം (ആശ്രിതരായ കുടുംബാംഗങ്ങൾ, വിവാഹിതനാണോ, കുട്ടികൾ തുടങ്ങിയ വിവരങ്ങൾ).
• വിദ്യാഭ്യാസ നിലവാരം.
• ക്രമിനൽ പശ്ചാത്തലം ( കുറ്റകൃത്യങ്ങളുടെ വിശദ വിവരങ്ങൾ, ശിക്ഷാ നടപടികളുടെ വിവരങ്ങൾ).
• വരുമാനവും തൊഴിൽ വിവരങ്ങളും ( ജോലി സ്ഥിരമോ താത്കാലികമോ എന്നതുൾപ്പടെ).
• മാസിക പ്രശ്നങ്ങളോ മറ്റു പെരുമാറ്റ വൈകല്യങ്ങളോ ഉണ്ടോ എന്ന വിവരം.
ഈ വിവരങ്ങളെല്ലാം പരിശോധിച്ചു മാത്രമേ വധശിക്ഷ വിധിക്കുന്നതിലേക്കു നീങ്ങാവൂ എന്നു സുപ്രീംകോടതി വ്യക്തമാക്കി. നേരത്തെ ബച്ചൻ സിംഗ് കേസിൽ ,കൊലപാതകം നടന്ന സാഹചര്യത്തെക്കുറിച്ചു വിശദമായി പരിശോധിക്കണമെന്നു സുപ്രീംകോടതി നിർദേശിച്ചിരുന്നു.
2015ൽ മധ്യപ്രദേശിലെ ഒരു കേസിന്റെ വിധിപ്രസ്താവവുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ആറു പ്രതികളിൽ മൂന്നുപേരുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചതു റദ്ദാക്കിയാണ് വധശിക്ഷ സംബന്ധിച്ച് സുപ്രീംകോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.