സിദ്ദു ജയിൽ ക്ലർക്ക്: ജയിലിൽ പ്രത്യേക ഭക്ഷണവും
Friday, May 27, 2022 1:06 AM IST
ചണ്ഡിഗഡ്: റോഡിലെ അടിപിടിക്കിടെ ഒരാൾ കൊല്ലപ്പെട്ട കേസിൽ ശിക്ഷയനുഭവിക്കുന്ന നവ്ജ്യോത് സിംഗ് സിദ്ദുവിനു പട്യാല ജയിലിൽ ക്ലർക്കിന്റെ പണി.
ആരോഗ്യപ്രശ്നങ്ങൾ മൂലം ഡോക്ടർമാർ നിർദേശിക്കുന്ന ഭക്ഷണമാണു പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷനും രാജ്യാന്തര ക്രിക്കറ്റ് താരവുമായ സിദ്ദുവിനു ലഭിക്കുക. കരിക്കിൻവെള്ളം, കൊഴുപ്പുനീക്കിയ പാൽ, പഴച്ചാർ, ബദാം തുടങ്ങിയ ഭക്ഷണക്രമമാണു വിഐപി തടവുകാരന് അനുവദിച്ചിരിക്കുന്നത്.
സിദ്ദുവിന്റെ വൈദ്യപരിശോധനകൾ നേരത്തേ പൂർത്തിയാക്കിയെന്നും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ദിവസം ഏഴുപ്രാവശ്യം ഭക്ഷണം നൽകുന്നതിനു കോടതിയുടെ അനുമതിയുണ്ടെന്നും ജയിൽ അധികൃതർ പറഞ്ഞു.
സുരക്ഷാ കാരണങ്ങളാൽ സെല്ലിൽത്തന്നെയിരുന്നു ക്ലർക്കിന്റെ ജോലി നിർവഹിക്കാനും സിദ്ദുവിന് അനുമതി നൽകിയിട്ടുണ്ട്. തടവുപുള്ളികൾക്ക് ആദ്യ മൂന്നു മാസം പരിശീലനകാലമാണ്.
പിന്നീടു ചെയ്യുന്ന ജോലിയുടെ സ്വഭാവമുനുസരിച്ച് 30 രൂപ മുതൽ 90 രൂപ പ്രതിഫലം കിട്ടും. 1988ൽ കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ട കേസിൽ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണു സിദ്ദുവിനു ശിക്ഷ വിധിച്ചത്.