അഗ്നിപഥ് പ്രക്ഷോഭം: യുവാക്കളെ പ്രേരിപ്പിച്ച അഞ്ചുപേർ അറസ്റ്റിൽ
Monday, June 20, 2022 12:55 AM IST
സഹാരൺപുർ(ഉത്തർപ്രദേശ്): കേന്ദ്ര സർക്കാരിന്റെ സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരേ പ്രതിഷേധിക്കാൻ യുവാക്കളെ പ്രേരിപ്പിച്ചതിന് യുപിയിൽ അഞ്ചുപേർ പിടിയിലായി. അറസ്റ്റിലായവരെല്ലാം 25 വയസിനുമുകളിലുള്ളവരും വിവിധ രാഷ്ട്രീയപാർട്ടികളിലെ അംഗങ്ങളുമാണെന്ന് സഹരൺപുർ സീനിയർ പോലീസ് സൂപ്രണ്ട് ആകാശ് തോമർ പറഞ്ഞു.
രാംപുർ മണിഹരൺ സ്വദേശികളായ പരാഗ് പവാർ(26), സന്ദീപ്(34), സൗരഭ് കുമാർ(28), മോഹിത് ചൗധരി(26), ഉദയ്(26) എന്നിവരാണു പിടിയിലായത്. സൈനിക റിക്രൂട്ട്മെന്റിനായി കാത്തിരിക്കുന്നവർ എന്ന വ്യാജേനയാണ് ഇവർ പ്രതിഷേധക്കാർക്കിടയിൽ നുഴഞ്ഞുകയറിയതെന്നു പോലീസ് പറഞ്ഞു.
പരാഗ് കോൺഗ്രസിന്റെ യുവജനസംഘടനയായ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ(എൻഎസ്യുഐ) അംഗമാണ്. സന്ദീപ് സമാജ്വാദി പാർട്ടി അംഗവും.