ശിവസേന വിമത എംഎൽഎമാർക്ക് സിആർപിഎഫ് സുരക്ഷ
സ്വന്തം ലേഖകൻ
Monday, June 27, 2022 12:29 AM IST
ന്യൂഡൽഹി: ശിവസേന വിമത എംഎൽഎമാർക്ക് കേന്ദ്ര സായുധ സേനയായ സിആർപിഎഫിന്റെ വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകി കേന്ദ്രസർക്കാർ. ശിവസേനയിലെ വിമത എംഎൽഎമാരായ രമേശ് ബൊർണാരെ, മംഗേഷ് കൂടൽകർ, സഞ്ജയ് ശിർസത്, ലതാബായ് സോനാവാനെ, പ്രകാശ് സുർവേ, സദാനന്ദ് ശരണ്കർ, യോഗേഷ് ദാദാ കദം, പ്രതാപ് സർനായ്ക്, യാമിനി ജാദവ്, പ്രദീപ് ജയ്സ്വാൽ, സജ്ഞയ് റാഥോഡ്, ദാദാജി ഭുസെ, ദിലീപ് ലാന്ദെ, ബാലാജി കല്യാണർ, സന്ദിപൻ ഭുമരെ തുടങ്ങി 15 എംഎൽഎമാർക്കാണ് കേന്ദ്രസർക്കാർ സുരക്ഷ ഏർപ്പെടുത്തിയത്.
രാഷ്ട്രീയ പകപോക്കലിനായി താനടക്കമുള്ള 16 എംഎൽഎമാരുടെ സുരക്ഷ സംസ്ഥാന സർക്കാർ പിൻവലിച്ചതായി വിമത ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ കേന്ദ്രത്തിനു കത്തയിച്ചിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ആഭ്യന്തര മന്ത്രി ദിലീപ് വൽസെ പാട്ടീൽ എന്നിവർക്കും സുരക്ഷ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎമാർ ഒപ്പിട്ടയച്ച കത്തും ഷിൻഡെ ട്വീറ്റ് ചെയ്തിരുന്നു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഗാഡി സർക്കാരിൽനിന്നു ശിവസേന വിമത നേതാവ് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ എംഎൽഎമാർ കൂറുമാറിയതാണ് സംസ്ഥാന രാഷ്ട്രീയത്തിലെ പ്രതിസന്ധികൾക്ക് കാരണം.