പുലിറ്റ്സർ ജേതാവ് സന്ന ഇർഷാദിന്റെ വിദേശയാത്ര തടഞ്ഞു
Sunday, July 3, 2022 3:33 AM IST
ന്യൂഡൽഹി: അന്താഷ്ട്ര മാധ്യമ പുരസ്കാരമായ പുലിറ്റ്സർ നേടിയ കാഷ്മീർ സ്വദേശി സന്ന ഇർഷാദ് മട്ടുവിന്റെ വിദേശയാത്ര തടസപ്പെടുത്തി ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ. പുസ്തക പ്രകാശനത്തിന്റെയും ഫോട്ടോഗ്രഫി പ്രദർശനത്തിന്റെയും ഭാഗമായി ഫ്രാൻസിലേക്ക് സഞ്ചരിക്കാൻ എത്തിയ മാധ്യമപ്രവർത്തകയെ ഡൽഹി വിമാനത്താവളത്തിലാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞത്.
വിമാനയാത്ര തടഞ്ഞതിന്റെ കാരണം അധികൃതർ വ്യക്തമാക്കിയില്ലെന്നും അന്താഷ്ട്ര യാത്രകൾക്ക് അനുമതിയില്ലെന്നു മാത്രമാണ് ലഭിച്ച വിവരമെന്നും സന്ന ഇർഷാദ് പറഞ്ഞു. ഫ്രാൻസിൽ നടക്കുന്ന പരിപാടിയിൽ പത്തു പുരസ്കാര ജേതാക്കളിൽ ഒരാളായാണ് തനിക്കു ക്ഷണം കിട്ടിയതെന്നും ഫ്രാൻസിലേക്കു സഞ്ചരിക്കുന്നതിന് ആവശ്യമായ വീസയടക്കം കൈവശം ഉള്ളതായും സന്ന വ്യക്തമാക്കി. അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ റോയിട്ടേഴ്സ് പ്രസിദ്ധീകരിച്ച ഫീച്ചർ ഫോട്ടോഗ്രഫി വിഭാഗത്തിലാണ് സന്ന ഇർഷാദിന് 2022ലെ പുലിറ്റ്സർ പുരസ്കാരം ലഭിച്ചത്.