കെടിയു വിസി: സർക്കാർ പുനഃപരിശോധനാ ഹർജി നൽകി
Wednesday, November 30, 2022 12:47 AM IST
ന്യൂഡൽഹി: സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനം റദ്ദാക്കിയ വിധിക്കെതിരേ കേരളം സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകി. നിയമപരമായ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാരിന്റെ ഹർജി. സുപ്രീം കോടതി വിധിക്കെതിരേ മുൻ വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീയും നേരത്തേ പുനഃപരിശോധനാ ഹർജി ഫയൽ ചെയ്തിരുന്നു.
സംസ്ഥാന നിയമം നിലനിൽക്കുന്പോഴും യുജിസി ചട്ടങ്ങളാണ് നടപ്പാക്കേണ്ടത് എന്നാണ് സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ നിയമനം റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി. എന്നാൽ 2010ലെ യുജിസി ചട്ടങ്ങൾക്ക് നിർദേശക സ്വഭാവം മാത്രമേ ഉള്ളുവെന്നും അത് നിർബന്ധമായും നടപ്പാക്കാൻ സർക്കാരിനോ സർവകലാശാലയ്ക്കോ ബാധ്യതയില്ലെന്നും സംസ്ഥാന സർക്കാർ പുനഃപരിശോധനാ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
യുജിസി ചട്ടങ്ങൾ സർക്കാർ അംഗീകരിച്ചിട്ടില്ലെങ്കിൽ സംസ്ഥാന നിയമമാണ് നടപ്പാക്കേണ്ടതെന്ന് 2015ൽ ജസ്റ്റിസ്മാരായ എസ്.ജെ. മുഖോപാധ്യായ, എൻ.വി. രമണ എന്നിവർ അടങ്ങിയ സുപ്രീംകോടതി ബെഞ്ച് വിധിച്ചിട്ടുണ്ട്. ഡോ.എം.എസ്. രാജശ്രീയെ വൈസ് ചാൻസലറായി നിയമിക്കുന്പോൾ ഈ വിധിയായിരുന്നു നിലനിന്നിരുന്നതെന്നാണ് സർക്കാർ വാദം.