വോട്ടിംഗ് മെഷിനിൽ കാഴ്ചപരിമിതർക്ക് പരിഗണന; മറുപടി നല്കാൻ കേന്ദ്രത്തോടു സുപ്രീംകോടതി
Wednesday, February 1, 2023 12:43 AM IST
ന്യൂഡൽഹി: വോട്ടിംഗ് മെഷിനിലും വിവി പാറ്റിലും കാഴ്ചപരിമിതർക്കുള്ള സാങ്കേതികസംവിധാനം കൂടി ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ടു നൽകിയ ഹർജിയിൽ കേന്ദ്രം നാലാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് സുപ്രീംകോടതി.
വോട്ടിംഗ് മെഷിനിലും ഇമേജ് ടെക്സ്റ്റ് ടു സ്പീച്ച് കണ്‍വേർഷൻ സോഫ്റ്റ്വേർ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് അക്ഷയ് ബാജദ് എന്നയാളാണു ഹർജി നൽകിയത്. സർക്കാർ സത്യവാങ്മൂലത്തിനു മറുപടി നൽകാൻ ജസ്റ്റീസുമാരായ അജയ് രസ്തോഗി, ബേല എം. ത്രിവേദി എന്നിവർ ഉൾപ്പെട്ട ബെഞ്ച് ഹർജിക്കാരനു രണ്ടാഴ്ച കൂടി സമയം നൽകി. ഹർജി മാർച്ച് മൂന്നിന് വീണ്ടും പരിഗണിക്കും.
എന്നാൽ, ഹർജിക്കാരൻ ആവശ്യപ്പെടുന്ന സാങ്കേതിക സംവിധാനം കൂടി വോട്ടിംഗ് മെഷീനിൽ ഉൾപ്പെടുത്തിയാൽ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷൻ നേരത്തെ നൽകിയ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയത്.
നിലവിലുള്ള വോട്ടിംഗ് മെഷീനുകളിൽ മറ്റൊരു ഡിവൈസ് കൂട്ടിച്ചേർക്കുകയോ സോഫ്റ്റ്വേർ ഉൾപ്പെടുത്തുകയോ ചെയ്താൽ സുരക്ഷാവീഴ്ച ഉണ്ടാകും എന്നാണു തെരഞ്ഞെടുപ്പു കമ്മീഷന്റെ വാദം. വോയ്സ് കണ്‍വേർഷൻ സോഫ്റ്റ്വേറുകൾ കൂട്ടിച്ചേർത്താൽ വോട്ടിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടുമെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ ചൂണ്ടിക്കാട്ടി.