വിമാനം കിട്ടിയില്ല; വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയ യുവതി അറസ്റ്റില്‍
Tuesday, February 7, 2023 1:03 AM IST
ബംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കുകയും സിഐഎസ്എഫ് ഓഫീസറെ ആക്രമിക്കുകയും ചെയ്തതിനു മലയാളി യുവതി അറസ്റ്റില്‍. കോഴിക്കോട് സ്വദേശിനിയായ മാനസി (31)യാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാവിലെ 8.30 ഓടെയാണു സംഭവം.
കോല്‍ക്കത്തയിലേക്കുള്ള ഇന്‍ഡിഗോ ഫ്ളൈറ്റില്‍ കയറുന്നതിനായി 8.20 ഓടെയാണ് മാനസി വിമാനത്താവളത്തിലെത്തിയതെന്നു പറയുന്നു. എന്നാല്‍ ബോര്‍ഡിംഗിനുള്ള സമയം കഴിഞ്ഞതിനാല്‍ ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിഐഎസ്എഫ് ഓഫീസര്‍ സന്ദീപ് സിംഗ് ഇവരെ അകത്തേക്കു കടത്തിവിട്ടില്ല. ഇതോടെ ക്ഷുഭിതയായ ഇവര്‍ സന്ദീപ് സിംഗിന്റെ കോളറിനു കുത്തിപ്പിടിക്കുകയും മുഖത്തടിക്കുകയും തൊഴിക്കുകയും ചെയ്തതായാണു പരാതി.
തുടര്‍ന്ന് തനിക്ക് വിമാനത്തില്‍ കയറാന്‍ കഴിഞ്ഞില്ലെങ്കില്‍ വിമാനത്താവളത്തില്‍ സ്ഫോടനമുണ്ടാകുമെന്നും അകത്തിരിക്കുന്ന യാത്രക്കാര്‍ക്കു ജീവന് വേണമെങ്കില്‍ ഓടി രക്ഷപ്പെടണമെന്നും ഇവര്‍ ഉറക്കെ വിളിച്ചുപറഞ്ഞതായും പറയുന്നു. ഇതോടെ മറ്റുള്ള സിഐഎസ്എഫ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇവരെ പിടികൂടി പോലീസിനു കൈമാറുകയായിരുന്നു. ഐപിസി 505, 323, 353 സെക്ഷനുകള്‍ പ്രകാരം യുവതിക്കെതിരേ കേസെടുത്തു.