ബഹുനിലകെട്ടിടത്തിനു തീപിടിച്ച് ആറു പേർ മരിച്ചു
Saturday, March 18, 2023 12:26 AM IST
ഹൈദരാബാദ്: സെക്കന്ദരാബാദിൽ വ്യാപാരസമുച്ചയത്തിനു തീപിടിച്ച് നാലു സ്ത്രീകൾ ഉൾപ്പെടെ ആറു പേർ ശ്വാസംമുട്ടി മരിച്ചു.
ബഹുനിലക്കെട്ടിടത്തിന്റെ അഞ്ചാംനിലയിൽ ആറുപേരെയും അഗ്നിരക്ഷാസേന ബോധരഹിതരായി കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിയശേഷമാണ് ഇവരുടെ മരണം സ്ഥിരീകരിച്ചത്. പുക ശ്വാസകോശത്തിലെത്തിയതാണ് മരണകാരണമെന്നാണു പ്രാഥമിക നിഗമനം. 12 പേരെ രക്ഷപ്പെടുത്തി.
ആറുപേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഓഫീസ് പ്രവർത്തിക്കുന്ന മുറിയിൽനിന്നാണ് തീ പടർന്നത്. കെട്ടിടത്തിലെ സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തന രഹിതമായിരുന്നു. ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്ന് സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഡയറക്ടർ പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുഅഞ്ചു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.