ത്രികോണ പോരാട്ടത്തിനു കർണാടക: വോട്ട് മേയ് 10; ഫലം 13ന്
Thursday, March 30, 2023 1:54 AM IST
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി കർണാടക. ഒറ്റ ഘട്ടമായി മേയ് പത്തിനാണു വോട്ടെടുപ്പ്. വോട്ടെണ്ണൽ മേയ് 13ന് നടക്കും. 80 വയസ് പിന്നിട്ടവർക്കും ഭിന്നശേഷിക്കാർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.
കർണാടകയിലെ 5.2 കോടിയിലധികം വോട്ടർമാർക്കുപുറമേ ഒന്‍പത് ലക്ഷത്തിലധികം പുതിയ വോട്ടർമാരും മറ്റു പ്രത്യേക പരിഗണന ആവശ്യമായവരും തെരഞ്ഞെടുപ്പിന്റെ ഭാഗമാകും. വോട്ടർമാർക്ക് സ്ഥാനാർത്ഥികളുടെ സത്യവാങ്മൂലം ഓണ്‍ലൈനായി കാണുന്നതിനും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് സി-വിജിൽ ആപ്പുകൾ ഉപയോഗിക്കുന്നതിനും അവസരമുണ്ട്. രാഹുൽഗാന്ധിയുടെ ലോക്സഭാ മണ്ഡലമായ വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.
വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശത്തോടെയാണു ബിജെപി കർണാടക തെരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കിലും മുഖ്യ എതിരാളികളായ കോണ്‍ഗ്രസും ജെഡി-എസും ബിജെപിക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. കർണാടകയിലെ കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലും വ്യക്തമായ ഭൂരിപക്ഷം നേടാൻ ബിജെപിക്കു സാധിച്ചിരുന്നില്ല. ഇത്തവണയും ഭരണവിരുദ്ധ വികാരങ്ങളെ മോദിതരംഗത്തിൽ മറികടക്കാനാണു ബിജെപി ശ്രമിക്കുന്നത്.
224 നിയമസഭാ മണ്ഡലങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിൽ 113 സീറ്റുകൾ നേടിയാലാണു സർക്കാർ രൂപീകരിക്കാനാകുക. 2018ലെ തെരഞ്ഞെടുപ്പിൽ ബിജെപി 104 സീറ്റും കോണ്‍ഗ്രസ്, ജെഡി-എസ് പാർട്ടികൾ യഥാക്രമം 80, 37 സീറ്റുകളുമാണു നേടിയത്. തുടർന്ന് കോണ്‍ഗ്രസ്-ജെഡി-എസ് സഖ്യകക്ഷി സർക്കാർ അധികാരത്തിലേറി.
എന്നാൽ, ഒരു വർഷം തികയുംമുന്പ് കോൺഗ്രസിലെയും ജെഡി-എസിലെയും 17 എംഎൽഎമാരെ മറുകണ്ടം ചാടിച്ചു ബിജെപി ഭരണം പിടിക്കുകയായിരുന്നു. പിന്നാലെ 2019ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും മോദി തരംഗത്തിലേറി 28ൽ 25 ലോക്സഭാ സീറ്റുകളിലും ബിജെപി വിജയിച്ചു. എന്നാൽ, മുസ്ലിം ന്യൂനപക്ഷ സംവരണം റദ്ദാക്കിയതിലുള്ള അതൃപ്തി, ഹിജാബ് വിവാദം, ജാതി സമവാക്യങ്ങൾ മുൻ നിർത്തിയുള്ള സീറ്റ് വിതരണം, വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങളിലെ നേതാക്കൾ കോണ്‍ഗ്രസിൽ ചേർന്നത് എന്നിവയെല്ലാം തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വെല്ലുവിളിയാകുന്നു.
സംസ്ഥാന നേതൃത്വത്തെ മുന്നിൽ നിർത്തുന്നതിനുപകരം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും മുൻനിർത്തിയുള്ള പ്രചരണത്തിനാണ് ബിജെപി ഇത്തവണയും ലക്ഷ്യമിടുന്നത്. എന്നാൽ കേന്ദ്ര നേതൃത്വത്തേക്കാൾ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറുമടങ്ങുന്ന നേതൃനിരയാണ് കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്നത്.
അതേസമയം, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സംഭവിച്ചതുപോലെ കിംഗ് മേക്കറാകാൻ ലക്ഷ്യമിട്ടുതന്നെയാണ് ജെഡി-എസ് നേതാവ് കുമാരസ്വാമി ഇത്തവണയും മത്സരത്തിനിറങ്ങുന്നത്.
കർണാടക കോണ്‍ഗ്രസ് പിടിക്കുമെന്നു സർവേ
ബംഗളൂരു: കർണാടകത്തിൽ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് എബിപി-സി വോട്ടർ സർവേ. കോണ്‍ഗ്രസ് 115-127 സീറ്റ് നേടി അധികാരത്തിലെത്തുമെന്നാണു പ്രവചനം. 224 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 113 പേരുടെ പിന്തുണയാണ്. ഭരണകക്ഷിയായ ബിജെപി 68-80 സീറ്റിലൊതുങ്ങുമെന്നാണു പ്രവചനം. കഴിഞ്ഞ തവണ 37 സീറ്റുണ്ടായിരുന്ന ജെഡി-എസിന് 23-35 സീറ്റ് ലഭിക്കുമെന്നും എബിപി-സി വോട്ടർ പ്രവചിക്കുന്നു.
മുംബൈ കർണാടക, തീര കർണാടക, മധ്യ കർണാടക, ഹൈദരാബാദ് കർണാടക മേഖലകളിൽ കോണ്‍ഗ്രസ് മുന്നേറുമെന്നാണു പ്രവചനം. ഓൾഡ് മൈസൂരു മേഖലയിൽ കോണ്‍ഗ്രസും ജെഡി-എസും ഒപ്പത്തിനൊപ്പമാകും.
കഴിഞ്ഞ 40 വർഷത്തിനുള്ളിൽ അധികാരത്തിലുള്ള പാർട്ടിക്ക് തുടർഭരണം നൽകിയിട്ടില്ലാത്ത സംസ്ഥാനംകൂടിയാണ് കർണാടക.
.