വിജിലൻസ് സ്പെഷ്യൽ സെക്രട്ടറി വൈ.വി.വി.ജെ. രാജശേഖറാണ് മറ്റൊരു പരാതിക്കാരൻ. തന്നെ അപകീർത്തിപ്പെടുത്താനുള്ള ഏകോപിത ശ്രമമാണ് നടക്കുന്നതെന്നും ഡൽഹി സർക്കാരുമായി ബന്ധപ്പെട്ട അഴിമതികൾ അന്വേഷിക്കാൻ കഴിയാത്തവിധം തന്റെ അധികാരങ്ങൾ എടുത്തുകളഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, പരാതികളെല്ലാം വ്യാജമാണെന്ന് ഡൽഹി സർക്കാർ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
പ്രതിപക്ഷ ഐക്യത്തിന് വേഗമേറുന്നു ന്യൂഡൽഹി: ഡൽഹി ഓർഡിനൻസ് വിവാദവും പ്രതിപക്ഷ ഐക്യത്തിന് വളമാകുന്നു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്നലെ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളുമായി കൂടിക്കാഴ്ച നടത്തി. ഓർഡിനൻസ് വിഷയത്തിൽ കേജരിവാളിനൊപ്പം നിൽക്കുന്നുവെന്ന് നിതീഷ് പ്രഖ്യാപിക്കുകയും ചെയ്തു. സർക്കാരിന്റെ അധികാരം കവർന്നെടുക്കാനുള്ള ബിൽ രാജ്യസഭയിൽ പാസായില്ലെങ്കിൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്ന സന്ദേശമാണ് ജനങ്ങളിലേക്ക് എത്താൻ പോകുന്നതെന്ന് കേജരിവാൾ പറഞ്ഞു.
ഇന്നലെ രാവിലെ ഡൽഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയായിരുന്നു നിതീഷ് കുമാറിന്റെ കൂടിക്കാഴ്ച. ഉപമുഖ്യമന്ത്രി തേജസ്വി യാദവും ഒപ്പമുണ്ടായിരുന്നു. പ്രതിപക്ഷ ഐക്യത്തിനായി കോണ്‍ഗ്രസുമായി ഇടഞ്ഞു നിൽക്കുന്ന നേതാക്കളുമായി നിതീഷ് കുമാർ നടത്തിവരുന്ന ചർച്ചകളുടെ ഭാഗമായാണ് കൂടിക്കാഴ്ച. തെരഞ്ഞെടുത്ത സർക്കാറുകളുടെ അധികാരങ്ങളിൽ കൈകടത്താൻ കേന്ദ്രത്തിന് എന്ത് അധികാരമെന്നും വിഷയത്തിൽ കേജരിവാളിനൊപ്പമാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം നിതീഷ് കുമാർ പറഞ്ഞു.