വിക്രാന്തിൽ യുദ്ധവിമാനം രാത്രിയിൽ പറന്നിറങ്ങി
Friday, May 26, 2023 12:59 AM IST
ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച ഐഎൻഎസ് വിക്രാന്ത് വിമാനവാഹിനിക്കപ്പലിൽ മിഗ്- 29 കെ യുദ്ധവിമാനം ആദ്യമായി രാത്രിയിൽ വിജയകരമായി ലാൻഡ് ചെയ്തതായി നാവികസേന അറിയിച്ചു.
ശ്രമകരമായ ദൗത്യം വിജയകരമായി പൂർത്തിയായതായും ഐഎൻഎസ് വിക്രാന്തിലെ നാവികരുടെയും നാവികസേനാ പൈലറ്റുമാരുടെയും വൈദഗ്ധ്യവും ആത്മനിർഭരതയും (സ്വയംപര്യാപ്തതയും) ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടെന്നും നാവികസേനാ വക്താവ് കമാൻഡർ വിവേക് മദ്വാൽ പറഞ്ഞു.
അറബിക്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന വിക്രാന്തിൽ ബുധനാഴ്ച രാത്രിയാണ് യുദ്ധവിമാനം ലാൻഡ് ചെയ്തത്. റഷ്യൻ നിർമിത മിഗ്-29 കെ യുദ്ധവിമാനവും ഇന്ത്യ തദ്ദേശീയമായി നിർമിച്ച തേജസ് യുദ്ധവിമാനവും ഫെബ്രുവരിയിൽ പകൽവെളിച്ചത്തിൽ വിക്രാന്തിൽ ലാൻഡ് ചെയ്തിരുന്നു. ബുധനാഴ്ചത്തെ നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ചവരെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു.
രാജ്യം തദ്ദേശീയമായി നിർമിച്ച ഐഎൻഎസ് വിക്രാന്ത് കഴിഞ്ഞ സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണു കമ്മീഷൻ ചെയ്തത്. 23,000 കോടി രൂപ ചെലവഴിച്ചു നിർമിച്ച വിക്രാന്തിൽ വ്യോമപ്രതിരോധ സംവിധാനവും കപ്പൽവേധ മിസൈൽ പ്രതിരോധ സംവിധാനവുമുണ്ട്.