വിമർശനവുമായി കോൺഗ്രസ് ന്യൂഡൽഹി: മണിപ്പുരിനെ തിരിഞ്ഞുനോക്കാതെ ആസാം സന്ദർശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ രൂക്ഷമായി വിമർശിച്ചു കോൺഗ്രസ്. ഗോഹട്ടിയിലേക്കുള്ള എല്ലാ വഴിയിലൂടെയും സഞ്ചരിച്ചുവെങ്കിലും 22 ദിവസത്തോളം കത്തിയെരിഞ്ഞ മണിപ്പുരിനെ അവഗണിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് കുറ്റപ്പെടുത്തി.
ഇതേ കേന്ദ്രമന്ത്രി തന്നെയാണ് കർണാടകയിൽ 16 റാലികളും 15 റോഡ്ഷോകളും നടത്തിയത്. എന്നാൽ, ഡബിൾ എൻജിൻ സർക്കാർ എന്നു വിളിക്കപ്പെടുന്നവരുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും മൂലം ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന മണിപ്പുർ സന്ദർശിക്കാൻ അദ്ദേഹത്തിനു സമയം ലഭിച്ചില്ല- ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.
മണിപ്പുരിലെ ഗോത്രവിഭാഗക്കാരുടെ സംഘർഷം അവസാനിപ്പിക്കാൻ യോഗം വിളിച്ചുചേർക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കഴിഞ്ഞദിവസം കോൺഗ്രസ് അഭ്യർഥിച്ചിരുന്നു.