തീയണയാതെ മണിപ്പുർ
Tuesday, May 30, 2023 1:43 AM IST
ഇംഫാൽ: സംഘർഷം തുടരുന്ന മണിപ്പുരിൽ കഴിഞ്ഞദിവസമുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നുപേർകൂടി തിങ്കളാഴ്ച മരിച്ചു. ക്രമസമാധാനം ഉറപ്പാക്കുന്നതിനായി ഇംഫാൽ താഴ്വരയിൽ ഉൾപ്പെടെ സൈന്യം ജാഗ്രത തുടരുകയാണ്.
അനധികൃത ആയുധങ്ങൾ കണ്ടെത്തുന്നതിനാണ് ശ്രദ്ധയെന്ന് സൈനികവൃത്തങ്ങൾ പറഞ്ഞു. തിങ്കളാഴ്ച സൈനികകേന്ദ്രത്തിനു സമീപമുള്ള ഗ്രാമം ആക്രമിച്ച 25 കലാപകാരികളെ പോലീസ് അറസ്റ്റ്ചെയ്തു. അത്യാധുനിക ആയുധങ്ങളുമായി അക്രമികൾ ഗ്രാമം ആക്രമിച്ചതോടെ ജനം സമീപമേഖലയിലേക്കു പായുകയായിരുന്നു.
സമാധാനശ്രമങ്ങളുമായി കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ എത്തുന്നതിനു മുൻപേയാണ് അറസ്റ്റ്. അമിത് ഷായുടെ സന്ദർശനം മുൻനിർത്തി കനത്ത സുരക്ഷാക്രമീകരണങ്ങളാണ് മണിപ്പുരിൽ ഒരുക്കിയിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട പരിശോധനയിലാണ് ഇംഫാലിൽ ആയുധങ്ങളുമായി നാലുപേർ പിടിയിലായത്. ചൈനീസ് ഹാൻഡ് ഗ്രനേഡ്, ഡിറ്റണേറ്റർ എന്നിവയും ഇൻസാസ് റൈഫിൾ ഉൾപ്പെടെയുള്ളവയും ഇവരിൽനിന്ന് പിടിച്ചെടുത്തുവെന്ന് അധികൃതർ അറിയിച്ചു.
താഴ്വരയിലെ അഞ്ച് ജില്ലകളിലും കർഫ്യൂ തുടരുകയാണ്.
മേയ് മൂന്നിനുശേഷം ഇന്റർനെറ്റ് സേവനവും ലഭ്യമാകുന്നില്ല. സമൂഹമാധ്യമങ്ങളിലൂടെ ആധികാരിക വിവരങ്ങൾ പുറത്തറിയിക്കുന്നതിനുള്ള ഉദ്യോഗസ്ഥരുടെ പട്ടിക ചീഫ് സെക്രട്ടറി ഡോ. വിനീത് ജോഷി പുറത്തുവിട്ടു. വ്യാജവാർത്തകൾ വ്യാപകമായതോടെയാണിത്.
ഇന്നലെ രാത്രിയോടെ ഇംഫാലിലെത്തിയ കേന്ദ്രമന്ത്രി അമിത് ഷായ്ക്കു തിരക്കിട്ട പരിപാടികളാണ്. മുഖ്യമന്ത്രി ബിരേൻ സിംഗുമായും സുരക്ഷാ ഉദ്യോഗസ്ഥരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും.
കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ മണിപ്പുരിൽ തുടരുകയാണ്. ഞായറാഴ്ചയുണ്ടായ വിവിധ അക്രമങ്ങളിൽ പോലീസുകാരൻ ഉൾപ്പെടെ അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. 12 പേർക്കു പരിക്കേറ്റിരുന്നു. ഇവരിൽ മൂന്നുപേർ ഇന്നലെ മരിച്ചു. കുക്കി വിഭാഗത്തിൽപ്പെടുന്ന 40 പേരെ സുരക്ഷാസേന വധിക്കുകയും ചെയ്തു.
മാർച്ച് മുന്നിനു നടന്ന ട്രൈബൽ സോളിഡാരിറ്റി മാർച്ചിനെത്തുടർന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. പട്ടികവർഗ പദവി ആവശ്യപ്പെട്ട് മേയ്തേയ് വിഭാഗമാണ് മാർച്ച് നടത്തിയത്. ഇതിനെ കുക്കികൾ എതിർക്കുന്നതാണ് സംഘർഷത്തിന് കാരണം.
അതിനിടെ സമാധാനം പുനഃസ്ഥാപിക്കുന്നതിന് കേന്ദ്രസർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിതീഷ് പ്രമാണിക് പറഞ്ഞു.