ശാസ്ത്രിയുടെ മാതൃക വൈഷ്ണവിനെ ഓർമിപ്പിച്ച് പവാർ
Sunday, June 4, 2023 12:42 AM IST
പൂന: ഒഡീഷ ട്രെയിൻദുരന്തത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജിവയ്ക്കണമെന്ന വാദത്തിൽ ലാൽ ബഹാദൂർ ശാസ്ത്രിയുടെ മാതൃക ചൂണ്ടിക്കാട്ടി എൻസിപി അധ്യക്ഷൻ ശരദ് പവാർ.
തമിഴ്നാട്ടിലെ അരിയാലൂർ ട്രെയിൻ ദുരന്തത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് അന്നത്തെ റെയിൽവേ മന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി രാജിവച്ച കാര്യം ശരദ് പവാർ ചൂണ്ടിക്കാട്ടി. രാജിവയ്ക്കാനുള്ള ശാസ്ത്രിയുടെ തീരുമാനത്തെ അന്നത്തെ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റു എതിർത്തിട്ടും തന്റെ തീരുമാനത്തിൽ ശാസ്ത്രി ഉറച്ചുനിന്നുവെന്നു പവാർ പറഞ്ഞു.
1956 നവംബർ 23ന് അരിയാലൂരിലുണ്ടായ ട്രെയിനപകടത്തിൽ 144 പേർ മരിച്ചു. 110 പേർക്കു പരിക്കേറ്റു. 800 യാത്രക്കാരുണ്ടായിരുന്ന ട്രെയിൻ പാലം തകർന്നു നദിയിൽ പതിച്ചായിരുന്നു അപകടം.