സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം
Sunday, June 4, 2023 12:42 AM IST
ന്യൂഡൽഹി: ബാലസോറിൽ നടന്നത് സമാനകളില്ലാത്ത രക്ഷാപ്രവർത്തനം. എൻഡിആർഎഫ്, ഒഡീഷ സംസ്ഥാന ദ്രുതകർമ സേന, വിവിധ അഗ്നിരക്ഷാ സേനകൾ, പോലീസ് എന്നിങ്ങനെ വിവിധ രക്ഷാപ്രവർത്തകരാണു ദൗത്യത്തിലുടനീളം പങ്കെടുത്തത്. വ്യോമസേനയുടെ എംഐ-17 ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനത്തിനായി സജ്ജമാക്കിയിരുന്നു.
രക്ഷാപ്രവർത്തനത്തിലേർപ്പെട്ടത് മുന്നൂറിലേറെ എൻഡിആർഎഫ് സംഘാംഗങ്ങളായിരുന്നു വെള്ളിയാഴ്ച രാത്രി എട്ടരയോടെ എൻഡിആർഎഫിന്റെ ആദ്യ സംഘം ബാലസോറിലെത്തി. പിന്നീട് മറ്റു സംഘാംഗങ്ങളും എത്തി. മുന്നൂറിലേറെ പേർ ഒന്പതു സംഘാംഗങ്ങളായി പിരിഞ്ഞാണ് രക്ഷാപ്രവർത്തനം നടത്തിയതെന്ന് എൻഡിആർഎഫ് ഡയറക്ടർ ജനറൾ അതുൽ കർവാൾ പറഞ്ഞു.
അപകടമുണ്ടായി ഒരു മണിക്കൂറിനകം എൻഡിആർഎഫ് സംഘം ബാലസോറിലെത്തി. മറ്റു സംഘാംഗങ്ങൾ കട്ടക്കിൽനിന്നും കോൽക്കത്തയിൽനിന്നും എത്തി. ട്രെയിൻകോച്ചുകളിൽ കുടുങ്ങിക്കിടക്കുന്നവരെ ജീവനോടെ പുറത്തെത്തിക്കുകയായിരുന്നു രക്ഷാസംഘത്തിന്റെ പ്രധാന ദൗത്യം.
ഗ്യാസ് കട്ടറുകളും ഇലക്ട്രിക് കട്ടറുകളും ഉപയോഗിച്ച് ഓരോ കോച്ചും പൊളിച്ച് ആളുകളെ പുറത്തെത്തിച്ചു. മറ്റൊരു ബോഗിക്ക് അടിയിൽപ്പെട്ട കോച്ച് ഉയർത്താൻ കൂറ്റൻ ക്രെയിനുകളും ബുൾഡോസറുകളും എത്തിച്ചു. എൻഡിആർഫിന്റെ ഡോഗ് സ്ക്വാഡ്, വനിതാ സംഘം എന്നിവയും രക്ഷാപ്രവർത്തനത്തിയിൽ പങ്കു ചേർന്നു.