ഡൽഹിക്കടുത്ത് വൈദികനെ ഹിന്ദുസേനാ പ്രവർത്തകർ മർദിച്ചു
Tuesday, June 6, 2023 12:39 AM IST
ന്യൂഡൽഹി: വൈദികനെ ഹിന്ദുസേനാ പ്രവർത്തകർ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. ഡൽഹി അതിരൂപതയിൽപ്പെട്ട ഗുരുഗ്രാം ഖേർകി ദൗള സെന്റ് ജോസഫ് വാസ് ദേവാലയ വികാരി ഫാ. അമൽരാജിനാണു മർദനമേറ്റത്. സംഭവത്തിൽ ഗുരുഗ്രാം ഖേർകി ദൗള പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ബൈക്കിലും കാറിലുമായെത്തിയ ഇരുപതോളം പേരടങ്ങുന്ന സംഘമാണു മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.
മതംമാറ്റം നടക്കുന്നുവെന്ന് ആരോപിച്ച സംഘം രണ്ടാഴ്ചയ്ക്കുള്ളിൽ പള്ളി പൂട്ടണമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഘത്തിൽ ഒരാൾ തന്നെ മർദിച്ചുവെന്ന് വൈദികൻ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
സംഘാംഗങ്ങളുടെ കൈവശം ആയുധങ്ങളുമുണ്ടായിരുന്നു. 2021ൽ പാട്ടത്തിനെടുത്ത സ്ഥലത്താണ് താത്കാലികമായി ദേവാലയം സജ്ജീകരിച്ചത്. അറുപതോളം ക്രിസ്ത്യൻ കുടുംബങ്ങൾ പള്ളിയുടെ കീഴിലുണ്ടെന്നാണ് അതിരൂപത അധികൃതർ നൽകുന്ന വിവരം.
സ്ഥലം പാട്ടത്തിനു നൽകിയ വ്യക്തിയെയും ഹിന്ദുസേനാ പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്.