ജി 20 ഉച്ചകോടിക്കു ചെലവിട്ടത് ബജറ്റ് വിഹിതത്തിന്റെ നാലിരട്ടി
Tuesday, September 12, 2023 12:40 AM IST
ന്യൂഡൽഹി: ജി 20 ഉച്ചകോടിക്കു ചെലവിട്ടത് ബജറ്റ് വിഹിതത്തിന്റെ നാലിരട്ടി തുക. ഉച്ചകോടിയുടെ വേദിയായ പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തിനും ആതിഥ്യനഗരമായ ഡൽഹിയുടെ നവീകരണ പ്രവർത്തനങ്ങൾക്കും മോടി പിടിപ്പിക്കലിനും 4110.75 കോടി രൂപയാണ് രാജ്യം ചെലവിട്ടതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി വ്യക്തമാക്കി.
ജി 20 ഉച്ചകോടിക്കുവേണ്ടി നടപ്പുസാന്പത്തിക വർഷം 990 കോടി രൂപയായിരുന്നു വകയിരുത്തിയത്. എന്നാൽ ജി 20 വേദിയായ ഐടിപിഒ സമുച്ചയത്തിന്റെ സജ്ജീകരണത്തിനു മാത്രമായി 3600 കോടി രൂപയാണ് ചെലവിട്ടത്.
എൻഡിഎംസി (60 കോടി), ഡൽഹി ഡവലപ്മെന്റ് അഥോറിറ്റി (18 കോടി), റോഡ്-ഉപരിതല ഗതാഗത മന്ത്രാലയം (26 കോടി) പിഡബ്ല്യുഡി (45 കോടി), എംസിഡി (അഞ്ച് കോടി), എംഇഎ (75 ലക്ഷം), ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് (16 കോടി), ഡൽഹി പോലീസ് (340 കോടി) എന്നിങ്ങനെയും തുക ചെലവിട്ടു.
കോവിഡ് പ്രതിസന്ധിക്കു പിന്നാലെ ലോകരാജ്യങ്ങൾ പൊതുപരിപാടികൾക്ക് ചെലവാക്കുന്ന തുക ഗണ്യമായി കുറച്ച സാഹചര്യത്തിൽ ഇന്ത്യ ഇത്രയുമധികം തുക ചെലവിട്ടത് മോദിസർക്കാരിന്റെ പ്രതിച്ഛായ വർധിപ്പിക്കുന്നതിനുവേണ്ടിയാണെന്ന് മുതിർന്ന കോണ്ഗ്രസ് നേതാവും എഐസിസി ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി.
ബാലിയിൽ ജി 20 ഉച്ചകോടി നടത്തുന്നതിന് ഇന്തോനേഷ്യയ്ക്കു ചെലവായ തുക വെറും 364 കോടി രൂപ മാത്രമാണെന്നും ഇത് ഇന്ത്യ ചെലവിട്ട തുകയുടെ പത്തു ശതമാനത്തിലും താഴെയാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
രാജ്യത്തെ ജനങ്ങൾക്ക് പാചകവാതകവും ഫോസിൽ ഇന്ധനങ്ങളും വില കുറച്ച് നൽകാനാകാത്ത, വിളനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ വിസമ്മതിക്കുന്ന സർക്കാരാണ് പ്രതിച്ഛായ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ബജറ്റ് തുകയുടെ നാലിരട്ടി ചെലവിട്ടത്.
രാജ്യത്തിന്റെ സാന്പത്തിക തകർച്ച മറച്ചുപിടിക്കാൻ കോടികൾ ചെലവിടുന്നതിൽ അർഥമില്ലെന്നും പൊതുപണം പ്രളയത്തിൽ ഒഴുകിപ്പോയ കാഴ്ചയാണ് ജി 20 വേദിയായ ഭാരത് മണ്ഡപത്തിൽ കഴിഞ്ഞദിവസം കണ്ടതെന്നും കെ.സി. വേണുഗോപാൽ ട്വീറ്റ് ചെയ്തു.