വനിതാ ബിൽ മുന്നോട്ട്; രാജ്യസഭയും പാസാക്കി
ജോർജ് കള്ളിവയലിൽ
Friday, September 22, 2023 4:22 AM IST
ന്യൂഡൽഹി: ലോക്സഭയിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സീറ്റ് സംവരണം ചെയ്യുന്ന ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയും പാസാക്കി. ഏകകണ്ഠമായാണ് രാജ്യസഭ ഇന്നലെ ബിൽ പാസാക്കിയത്.
രാജ്യത്തെ പകുതി സംസ്ഥാന നിയമസഭകൾകൂടി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസാക്കിയ ശേഷമേ ഈ ബിൽ നിയമമാകൂ. നിയമം പ്രാബല്യത്തിലായാലും 2027ലെ അടുത്ത സെൻസസിനും അതിനു ശേഷമുള്ള ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളുടെ പുനർനിർണയത്തിനും ശേഷമേ വനിതാ സംവരണം നടപ്പിലാകൂ. ഫലത്തിൽ വനിതകളുടെ അവകാശം അടുത്ത തെരഞ്ഞെടുപ്പിലും സഫലമാകില്ല.
വനിതാ സംവരണം ഉടൻ നടപ്പിലാക്കുന്നതിനായി ബില്ലിൽ ഭേദഗതി വരുത്താൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് കോണ്ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ ഇന്നലെ രാജ്യസഭയിൽ ആവശ്യപ്പെട്ടു.
ഇന്നു ചെയ്യേണ്ട കാര്യങ്ങൾ ഇന്നുതന്നെ ചെയ്യണമെന്ന വിഖ്യാത കവി കബീറിന്റെ "കൽ കരെ സോ ആജ് കർ, ആജ് കരെ സോ അബ്...’ (നാളെ ചെയ്യേണ്ടത് ഇന്നേ ചെയ്യൂ. ഇന്നു ചെയ്യേണ്ടതെന്തും ഇപ്പോൾ ചെയ്യൂ) എന്ന കവിത ചൊല്ലി ഖാർഗെ ഓർമിപ്പിച്ചു. ത്രിതല പഞ്ചായത്തുകളിൽ സ്ത്രീകൾക്കു സംവരണം ഏർപ്പെടുത്താൻ കഴിഞ്ഞെങ്കിൽ എന്തുകൊണ്ട് ഇപ്പോഴതു സ്ത്രീകൾക്ക് നൽകുന്നില്ല. വനിതാസംവരണം അനാവശ്യമായി നീട്ടിയതിന്റെ കാരണം അറിയണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
വനിതാ സംവരണം നടപ്പിലാക്കുന്നതു താമസിപ്പിക്കാനാണ് സെൻസസും മണ്ഡല നിർണയവും പൂർത്തിയാക്കിയ ശേഷമെന്ന ഭേദഗതി ബില്ലിൽ പുതുതായി ഉൾപ്പെടുത്തിയതെന്ന് ഖാർഗെയും എച്ച്.ഡി. ദേവഗൗഡ, കെ.സി. വേണുഗോപാൽ, ഡെറിക് ഒബ്രിയാൻ, എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ. മാണി, മനോജ് തിവാരി, ജയാ ബച്ചൻ, ദിപേന്ദർ ഹുഡ, രാജീവ് ശുക്ല, ജയന്ത് ചൗധരി തുടങ്ങി മറ്റു പ്രതിപക്ഷ നേതാക്കളും പറഞ്ഞു.
പിന്നാക്ക വിഭാഗങ്ങളെക്കൂടി വനിതാ സംവരണത്തിൽ ഉൾപ്പെടുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോൾ ന്യൂനപക്ഷ വനിതകൾക്കുകൂടി സംവരണം വേണമെന്ന് ജയാ ബച്ചൻ ആവശ്യപ്പെട്ടു.
എന്നാൽ, ഭരണഘടന അനുശാസിക്കുന്നതുപോലെ ചെയ്യാനാണ് സെൻസസും ഡീലിമിറ്റേഷനും ബില്ലിൽ ഉൾപ്പെടുത്തിയതെന്ന് ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ പറഞ്ഞു.രാഷ്ട്രീയ നേട്ടത്തിനായല്ല, ശരിയായ രീതിയിൽ, ഭരണഘടന അനുസരിച്ചു ചെയ്യുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ജെ.പി. നഡ്ഡ വിശദീകരിച്ചു.
സ്ത്രീകൾക്കു സംവരണം ചെയ്യാനുള്ള സീറ്റുകൾ തീരുമാനിക്കുന്നതിൽ സുതാര്യത ഉറപ്പാക്കുന്നതിനാലാണ് നിയമം നടപ്പാക്കുന്നതിലെ കാലതാമസത്തിനു സർക്കാരിനെ നിർബന്ധമാക്കുന്നതെന്നും നഡ്ഡ അവകാശപ്പെട്ടു. ഇതിനുള്ള ഏക പോംവഴി ഒരു സെൻസസ് നടത്തി വനിതാ സീറ്റുകൾ തെരഞ്ഞെടുക്കാൻ ഡീലിമിറ്റേഷൻ പാനലിനെ അനുവദിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.