യുപി മഥുരയിൽ ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറി !
Thursday, September 28, 2023 5:49 AM IST
മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ യാത്ര അവസാനിച്ചതിനു പിന്നാലെ പാസഞ്ചർ ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറി. യാത്രക്കാർ തലനാരിഴയ്ക്കു രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
നോർത്ത് സെൻട്രൽ റെയിൽവേയുടെ കീഴിലുള്ള ഷാകുർ ബസ്തി- മഥുര റൂട്ടിൽ സർവീസ് നടത്തുന്ന ഇമു (ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്) ട്രെയിൻ ആണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 10.50നാണ് ട്രെയിൻ മഥുര റെയിൽവേ സ്റ്റേഷനിലെ ത്തിയത്. യാത്രക്കാരും ലോക്കോപൈലറ്റും പുറത്തിറങ്ങിയശേഷമായിരുന്നു അപകടം.
തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മദ്യപിച്ചെത്തിയ ഒരു ജീവനക്കാരന്റെ വിക്രിയയാണ് അപകടത്തിലേക്കു നയിച്ചതെന്നു കണ്ടെത്തിയത്. ലോക്കോ പൈലറ്റ് ഉൾപ്പെടെ ഇറങ്ങിയതോടെ സച്ചിൻ എന്ന ജീവനക്കാരൻ എൻജിൻ റൂമിൽ കയറി ബാഗ് അലക്ഷ്യമായി നിയന്ത്രണസംവിധാനത്തിനു മുകളിലേക്കു വലിച്ചെറിഞ്ഞശേഷം മൊബൈൽ ഫോൺ നോക്കുകയായിരുന്നു. ബാഗിന്റെ ഭാഗം താക്കോൽ തിരിഞ്ഞ് ട്രെയിൻ മുന്നോട്ടുനീങ്ങി.
ഇതൊന്നുമറിയാതെ ജീവനക്കാരൻ മൊബൈൽഫോണിൽ നോക്കിയിരിക്കുക യായിരുന്നു. മുന്നോട്ടുനീങ്ങിയ ട്രെയിൻ ഒന്നാംനന്പർ പ്ലാറ്റ്ഫോമും കടന്ന് രണ്ടാം നന്പർ പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പിന്നീട് നടന്ന പരിശോധനയിൽ, ജീവനക്കാരൻ മദ്യപിച്ചിരുന്നതായും കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് സച്ചിൻ ഉൾപ്പെടെ അഞ്ച് ജീവനക്കാരെ സസ്പൻഡ് ചെയ്തു. അതേസമയം, താക്കോൽ സുരക്ഷിതമായി പുറത്തെടുക്കാതെ ലോക്കോ പൈലറ്റ് പുറത്തിറങ്ങിയതാണ് അപകടകാരണമെന്ന് സച്ചിന്റെ മൊഴിയിൽ പറയുന്നു.