യുദ്ധതന്ത്രങ്ങൾക്ക് സൈന്യം പൗരാണിക ഗ്രന്ഥങ്ങളെ ആശ്രയിക്കും
Sunday, October 1, 2023 1:33 AM IST
ന്യൂഡൽഹി: ഉത്ഭവ് പദ്ധതിയുടെ ഭാഗമായി യുദ്ധതന്ത്രങ്ങൾ മെനയാൻ സൈന്യം പൗരാണിക ഗ്രന്ഥങ്ങളെ ആശ്രയിക്കും.
പൗരാണിക ഗ്രന്ഥങ്ങളിൽ പരാമർശിക്കുന്ന യുദ്ധതന്ത്രങ്ങളിൽനിന്നും നയങ്ങളിൽനിന്നും ആശയങ്ങൾ സമാഹരിക്കാനാണു നീക്കമെന്ന് സൈനിക വക്താവ് അറിയിച്ചു. ഇതിനായി ആർമി ട്രെയിനിംഗ് കമൻഡാന്റും യുണൈറ്റഡ് സർവീസ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഇന്ത്യയും സെമിനാറുകൾ സംഘടിപ്പിച്ചു.
പൗരാണികകാലത്തെ യുദ്ധതന്ത്രങ്ങൾ ആധുനികകാലത്തിന് ഇണങ്ങുന്ന രീതിയിലേക്ക് മാറ്റുകയാണു ലക്ഷ്യമെന്ന് ഉന്നത സൈനികോദ്യോഗസ്ഥൻ എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
രാജ്യത്തിന്റെ പൗരാണിക സവിശേഷതകർ ഭരണരംഗത്തും യുദ്ധരംഗത്തും ഉപയോഗിക്കുന്നതിനായി സർക്കാർ വിവിധ ശ്രമങ്ങൾ നടത്തിവരുന്നു. പഴയകാലത്തെ തദ്ദേശീയ സൈനിക സംവിധാനം, ചരിത്രഗ്രന്ഥങ്ങൾ, പ്രാദേശിക സൈനികഘടന എന്നിവയെക്കുറിച്ച് വിശദമായ പഠനം നടത്തിയാകും ആശയങ്ങൾ സ്വരൂപിക്കുക.
2021 മുതൽ പൗരാണിക ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി ഇന്ത്യൻ യുദ്ധതന്ത്രം രൂപീകരിക്കുന്ന പദ്ധതി കരസേന നിർവഹിച്ചുവരുന്നുണ്ട്. ഒക്ടോബർ 21, 22 തീയതികളിൽ നടക്കുന്ന ഇന്ത്യൻ മിലിട്ടറി ഹെറിറ്റേജ് ഫെസ്റ്റിവലിൽ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരും.