വിദ്യാർഥികളുടെ കൊലപാതകം: നാലു പേരെ പിടികൂടി
Monday, October 2, 2023 4:24 AM IST
ന്യൂഡൽഹി: മണിപ്പുരിൽ രണ്ടു വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി നിഷ്ഠുരമായി കൊലപ്പെടുത്തിയ കേസിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ നാലു പേരെ സിബിഐ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ ദന്പതികളും ഉൾപ്പെടുന്നു. ചുരാചന്ദ്പുർ ജില്ലയിൽനിന്നാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായവരെ പ്രത്യേക വിമാനത്തിൽ മണിപ്പുരിനു പുറത്തേക്കു കൊണ്ടുപോയെന്നും കുറ്റക്കാർക്കു പരാമവധി ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് പറഞ്ഞു.
എന്നാൽ, കസ്റ്റഡിയിലെടുത്തവരെ എങ്ങോട്ടാണു കൊണ്ടുപോയതെന്നു മുഖ്യമന്ത്രി വെളിപ്പെടുത്തിയില്ല. മുഖ്യ പ്രതിയുടെ പതിനൊന്നും ഒന്‍പതും വയസ് പ്രായമുള്ള രണ്ടു പെൺകുട്ടികളെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ബന്ധുക്കൾക്കു കൈമാറും. വിദ്യാർഥികളുടെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാൻ സ്പെഷൽ ഡയറക്ടർ അജയ് ഭട്നഗറിന്റെ നേതൃത്വത്തിൽ സിബിഐ സംഘം കഴിഞ്ഞ ബുധനാഴ്ച മണിപ്പുരിലെത്തി. കരസേന, ബിഎസ്എഫ്, സിആർപിഎഫ്, സംസ്ഥാന പോലീസ് എന്നിവയുടെ സഹകരണത്തോടെയാണു നാലു പേരെ പിടികൂടിയത്.
ഫിൽജാം ഹേമാൻജിത് (20), ഹിജാം ലിൻതോയിഗംബി (17) എന്നീ വിദ്യാർഥികളാണു കൊല്ലപ്പെട്ടത്. ജൂലൈ ആറിനാണ് ഇവരെ കാണാതായത്. എന്നാണു കൊല്ലപ്പെട്ടതെന്ന് അറിവായിട്ടില്ല.
വിദ്യാർഥികളുടെ മൃതദേഹത്തിന്റെ ചിത്രങ്ങൾ സെപ്റ്റംബർ 25നാണു പുറത്തുവന്നത്. തുടർന്ന് മണിപ്പുരിൽ സംഘർഷം ആളിക്കത്തി.