തെരുവുനായ്ക്കൾ കുഞ്ഞിനെ കടിച്ചുകൊന്ന സംഭവം; കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷൻ
Thursday, February 29, 2024 1:47 AM IST
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് തെരുവുനായ്ക്കൾ കൂട്ടം ചേർന്ന് പിഞ്ചുകുഞ്ഞിനെ കടിച്ചുകൊന്ന സംഭവത്തിൽ സ്വമേധയാ കേസെടുത്ത് കേന്ദ്ര മനുഷ്യാവകാശ കമ്മീഷൻ. മാധ്യമറിപ്പോർട്ടിലെ ഉള്ളടക്കം ശരിയാണെങ്കിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണു നടന്നതെന്ന് കമ്മീഷൻ നിരീക്ഷിച്ചു.
സംഭവത്തിൽ ആറാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറി, ഡൽഹി പോലീസ് കമ്മീഷണർ, ഡൽഹി മുനിസിപ്പൽ കോർപറേഷൻ എന്നിവരോട് കമ്മീഷൻ ആവശ്യപ്പെട്ടു. മരിച്ചയാളുടെ അടുത്ത ബന്ധുക്കൾക്ക് തക്കതായ നഷ്ടപരിഹാരം സർക്കാർ നൽകണം.
സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തശേഷം അന്വേഷണത്തിന്റെ പുരോഗതി അറിയിക്കണം. മനുഷ്യാവകാശങ്ങൾ പോലെ തന്നെ മൃഗങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം.
സമാനമായ സംഭവങ്ങൾ സമീപകാലത്ത് രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അതിനാൽ ഇത് ഏതെങ്കിലും ഒരു സംസ്ഥാനത്തിനോ കേന്ദ്ര ഭരണപ്രദേശത്തിനോ പ്രശ്നമല്ലെന്നും കമ്മീഷൻ പറഞ്ഞു.
ഡൽഹി തുഗ്ലക് റോഡിലെ ധോഭി ഘട്ട് മേഖലയിൽ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വീടിനു പുറത്തിരിക്കുകയായിരുന്ന രണ്ടു വയസുകാരിയെ അഞ്ചു നായ്ക്കൾ ആക്രമിക്കുകയും 150 മീറ്ററോളം വലിച്ചുകൊണ്ടുപോകുകയും ചെയ്തു. വിവരം ലഭിച്ചയുടൻ പോലീസ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.