ഇസ്രോ പരസ്യത്തിൽ ചൈനീസ് പതാക ; തമിഴ്നാടിനെ വിമർശിച്ച് മോദി
Thursday, February 29, 2024 1:47 AM IST
ന്യൂഡൽഹി: ഇസ്രോയുടെ രണ്ടാം ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിന്റെ പരസ്യത്തിൽ ചൈനയുടെ പതാകയുള്ള റോക്കറ്റിന്റെ ചിത്രം ഉൾപ്പെടുത്തിയ തമിഴ്നാട് സർക്കാരിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ബിജെപി നയിക്കുന്ന കേന്ദ്രസർക്കാരിന്റെ പദ്ധതിയിൽ തങ്ങളുടെ ശ്രമങ്ങളുമുണ്ടെന്നു കാണിച്ച് അംഗീകാരം തട്ടിയെടുക്കുവാൻ ഡിഎംകെ ശ്രമിക്കുകയാണെന്നും പരസ്യം നൽകിയപ്പോൾ ഇന്ത്യൻ ബഹിരാകാശ ഏജൻസിയെ പ്രതിനിധീകരിക്കുന്ന ചിത്രം നൽകാൻ അവർക്കായില്ലെന്നും മോദി പറഞ്ഞു. കുലശേഖരപട്ടണത്തിൽ പുതുതായി തുടങ്ങുന്ന ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഒരു പണിയുമെടുക്കാതെ ക്രെഡിറ്റ് എടുക്കാൻ നടക്കുന്ന പാർട്ടിയാണ് ഡിഎംകെ. ഞങ്ങളുടെ പദ്ധതികൾ അവരുടെ പേരിലേക്ക് ആക്കുന്നതാണെന്ന് ആർക്കാണ് അറിയാത്തത്. എന്നാൽ, ഇപ്പോൾ അവർ പരിധി കടന്നു.
തമിഴ്നാട്ടിലെ ഇസ്രോ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിന്റെ ക്രെഡിറ്റ് എടുക്കാനായി അവർ ചൈനയുടെ പോസ്റ്റർ ഒട്ടിച്ചിരിക്കുകയാണ്. അടയ്ക്കുന്ന നികുതിക്കനുസരിച്ച് ഇന്ത്യൻ ബഹിരാകാശ മേഖലയിൽ ഉണ്ടാകുന്ന പുരോഗതി കാണാൻ അവർ തയാറല്ല.
പരസ്യം നൽകിയപ്പോൾ ഇന്ത്യൻ ബഹിരാകാശ ഏജൻസിയെ പ്രതിനിധീകരിക്കുന്ന ഒരു ചിത്രം നൽകാൻ അവർക്കായില്ലെന്നും മോദി കൂട്ടിച്ചേർത്തു.
തമിഴ്നാട് ഫിഷറീസ് മന്ത്രി അനിതാ രാധാകൃഷ്ണനായിരുന്നു ചൈനീസ് പതാകയുള്ള റോക്കറ്റിന്റെ ചിത്രം ഉൾപ്പെടുത്തിയ പരസ്യം പുറത്തുവിട്ടത്. പദ്ധതി പൂർത്തീകരിക്കുന്നതിനായി മുൻ മുഖ്യമന്ത്രി കരുണാനിധിയും അദ്ദേഹത്തിന്റെ മകനും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനും നടത്തിയ ശ്രമങ്ങളെ പ്രകീർത്തിക്കുന്നതായിരുന്നു പരസ്യം.
പ്രാദേശിക പത്രങ്ങളിൽ പ്രസിദ്ധീകരിച്ച പരസ്യത്തിനെതിരേ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈയും രംഗത്തെത്തി. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ ഡിഎംകെ അനാദരിക്കുകയാണ്.
ഇസ്രോയുടെ രണ്ടാമത്തെ ബഹിരാകാശകേന്ദ്രം പ്രഖ്യാപിച്ചതുമുതൽ ഡിഎംകെ അത് അവരുടെ പേരിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇസ്രോ പുതിയതായി രൂപകല്പന ചെയ്ത എസ്എസ്എൽവി വിക്ഷേപണങ്ങൾക്കുവേണ്ടിയാണ് കുലശേഖരപട്ടണത്തെ ബഹിരാകാശ കേന്ദ്രം നിർമിക്കുന്നത്.