അട്ടിമറികളിലൂടെ രാജ്യസഭയിൽ ബിജെപി ഭൂരിപക്ഷത്തിനരികെ
Thursday, February 29, 2024 2:28 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഹിമാചൽപ്രദേശിലും യുപിയിലും നടന്ന അട്ടിമറികളിലൂടെ രണ്ടു സീറ്റുകൾ കൂടുതൽ നേടിയ ബിജെപി രാജ്യസഭയിൽ ഭൂരിപക്ഷത്തിനു തൊട്ടടുത്ത്.
രാജ്യസഭയിൽ കേവല ഭൂരിപക്ഷത്തിന് എൻഡിഎയ്ക്ക് ഇനി വേണ്ടത് വെറും നാല് എംപിമാർ. ഒഴിവു വന്ന 56 രാജ്യസഭാ സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പോടെ 240 അംഗ സഭയിൽ എൻഡിഎയുടെ അംഗബലം 97ൽനിന്ന് 117 ആയി ഉയരും.
രാജ്യസഭയിൽ ഏറ്റവും വലിയ കക്ഷിയായ ബിജെപിക്കു തനിച്ച് 97 എംപിമാർ ഉള്ളപ്പോൾ കോണ്‍ഗ്രസിന്റെ അംഗബലം വെറും 29 ആയി കുറഞ്ഞു. തൃണമൂൽ കോണ്‍ഗ്രസിന് 13, ഡിഎംകെയ്ക്കും എഎപിക്കും പത്തു വീതം, ബിജെഡിക്കും വൈഎസ്ആർ കോണ്‍ഗ്രസിനും ഒന്‍പതു വീതം, ബിആർഎസിന് ഏഴ്, ആർജെഡിക്ക് ആറ്, സിപിഎമ്മിന് അഞ്ച്, ജെഡിയു, അണ്ണാ ഡിഎംകെ പാർട്ടികൾക്ക് നാലു വീതവും എംപിമാർ രാജ്യസഭയിലുണ്ട്.
ജാർഖണ്ഡിൽ മേയ് നാലിനു കാലാവധി തീരുന്ന രണ്ടു സീറ്റുകളിൽ ഓരോന്നു വീതം ബിജെപിക്കും കോണ്‍ഗ്രസിനുമാണ്.
ജൂലൈ രണ്ടിന് കാലാവധി പൂർത്തിയാകുന്ന കേരളത്തിലെ മൂന്നു സീറ്റുകളിൽ രണ്ടിൽ എൽഡിഎഫിനും ഒന്നിൽ യുഡിഎഫിനും ജയിക്കാനാകും.
എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ. മാണി എന്നിവരുടെ കാലാവധിയാണ് അവസാനിക്കുക. ഇതിൽ യുഡിഎഫിനു ലഭിക്കുന്ന ഏക സീറ്റ് മുസ്ലിം ലീഗിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതോടെ കേരളത്തിൽനിന്നുള്ള യുഡിഎഫിന്റെ മൂന്നു രാജ്യസഭാംഗങ്ങളും മുസ്ലിം സമുദായത്തിൽനിന്ന് ആകുമെന്നത് കോണ്‍ഗ്രസിനു തലവേദനയാകും.
കോണ്‍ഗ്രസിൽനിന്നു ജെബി മേത്തറും മുസ്ലിം ലീഗിൽനിന്ന് പി.വി. അബ്ദുൾ വഹാബുമാണ് നിലവിൽ യുഡിഎഫിലെ അംഗങ്ങൾ. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രാജസ്ഥാനിൽനിന്നാണ് 2020ൽ രാജ്യസഭയിലെത്തിയത്.