പിക്കപ് വാൻ മറിഞ്ഞ് 14 പേർ മരിച്ചു
Friday, March 1, 2024 2:29 AM IST
ദിൻഡോരി: പിക്കപ് വാൻ താഴ്വരയിലേക്കു മറിഞ്ഞ് 14 പേർ മരിച്ചു. 20 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധ്യപ്രദേശിലെ ദിൻഡോരി ജില്ലയിൽ ഇന്നലെ പുലർച്ചെയാണ് അപകടമുണ്ടായത്. 50 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്.
മരിച്ചവരിൽ ഏഴു പുരുഷൻമാരും ആറ് സ്ത്രീകളും ഒരു കുട്ടിയുമാണുള്ളതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരിൽ ആറു പേരുടെ നില ഗുരുതരമാണ്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.