കേരളത്തില്‍ പുള്ളിപ്പുലികള്‍ 570
Friday, March 1, 2024 2:29 AM IST
ന്യൂഡൽഹി: കേരളത്തിൽ പുള്ളിപ്പുലികളുടെ എണ്ണം കുറഞ്ഞതായി സർവേ ഫലം. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് ഇന്നലെ പുറത്തിറക്കിയ ഇന്ത്യയിലെ പുള്ളിപ്പുലികളുടെ സ്ഥിതിവിവര കണക്ക്-2022 സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാൽ കർണാടകയിലും തമിഴ്നാട്ടിലും പുള്ളിപ്പുലികളുടെ എണ്ണം കൂടിയിട്ടുണ്ട്.
ഇന്ത്യയിലെ പുള്ളിപ്പുലികളുടെ എണ്ണം 13,874 ആണ്. 2018ല്‍ ഇത് 12,852 ആയിരുന്നു. പുള്ളിപ്പുലികളുടെ ആവാസ വ്യവസ്ഥയുടെ 70 ശതമാനം ഈ കണക്ക് പ്രതിനിധാനം ചെയ്യുന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പുള്ളിപ്പുലികളുള്ളത് മധ്യപ്രദേശിലാണ്- 3907. രണ്ടാമത് മഹാരാഷ്ട്ര 1985. കര്‍ണാടകയിൽ 1,879; 2018ൽ 1,783. തമിഴ്നാട്ടിൽ 1,070; 2018ൽ 868. കേരളത്തിൽ 2018ൽ 650 പുള്ളിപ്പുലികളാണ് ഉണ്ടായിരുന്നത്. ഇത് 570 ആയി കുറഞ്ഞെന്നാണ് സർവേ ഫലം.
കാട്ടാനകളുടെ കണക്കെടുപ്പിലും ഇത്തരത്തിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. കേരളത്തിൽ വന്യമൃഗ ആക്രമണങ്ങൾ പെരുകുകയും തുടർന്ന് പ്രതിഷേധം ശക്തിപ്രാപിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കാട്ടാനയുടെയും പുള്ളിപ്പുലിയുടെയുമെല്ലാം എണ്ണം കുറയുന്നതായ കണക്കുകൾ വിശ്വസനീയമല്ലെന്നാണ് കർഷകസംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. കേരളത്തിൽ എണ്ണം കുറയുമ്പോഴും കേരളവുമായി വനാതിർത്തി പങ്കിടുന്ന തമിഴ്നാട്ടിലും കർണാടകയിലും ഇവയുടെ എണ്ണം കൂടുന്നുവെന്നതും ശ്രദ്ധേയമാണ്.