ആറ് വിമത കോൺഗ്രസ് എംഎൽഎമാരെ അയോഗ്യരാക്കി
Friday, March 1, 2024 2:29 AM IST
സിംല: ഹിമാചൽപ്രദേശിൽ രാജ്യസഭാ തെരഞ്ഞെടുപ്പിനിടെ ക്രോസ് വോട്ട് ചെയ്ത ആറ് വിമത കോൺഗ്രസ് എംഎൽഎമാരെ കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കർ കുൽദീപ് സിംഗ് പതാനിയ അയോഗ്യരാക്കി.
ബജറ്റ് പാസാക്കാൻ ചേർന്ന നിയമസഭാ സമ്മേളനത്തിൽ വിപ്പ് നല്കിയിട്ടും വിമതർ വിട്ടുനിന്നിരുന്നു. രജീന്ദർ റാണ, സുധീർ ശർമ, ഇന്ദർ ദത്ത് ലഖൻപാൽ, ദേവീന്ദർകുമർ ഭുട്ടൂ, രവി ഠാക്കൂർ, ചേനത്യ ശർമ എന്നിവരെയാണ് അയോഗ്യരാക്കിയത്. സ്പീക്കറുടെ നടപടിക്കെതിരേ എംഎൽഎമാർ കോടതിയെ സമീപിച്ചു.
ആറു പേരെ അയോഗ്യരാക്കിയതോടെ നിയമസഭയുടെ അംഗബലം 68ൽനിന്ന് 62 ആയി ചുരുങ്ങി. കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം 40ൽനിന്ന് 34 ആയി. ഹിമാചലിന്റെ ചരിത്രത്തിൽ ആദ്യമായാണ് എംഎൽഎമാരെ അയോഗ്യരാക്കുന്നത്. ഇനി സർക്കാരിന് 33 പേരുടെ ഭൂരിപക്ഷം മതി.
ആറ് കോൺഗ്രസ് എംഎൽഎമാരും മൂന്നു സ്വതന്ത്രരും രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ഹർഷ് മഹാജനാണ് വോട്ട് ചെയ്തത്. കോൺഗ്രസിലെ മനു അഭിഷേക് സിംഗ്വിക്കും ഹർഷ് മഹാജനും 34 വോട്ട് വീതം ലഭിച്ചു. നറുക്കെടുപ്പിൽ മഹാജൻ വിജയിച്ചു.
രാജ്യസഭാ തെരഞ്ഞെടുപ്പിൽ അഭിഷേക് മനു സിംഗ്വിയുടെ പരാജയത്തിന്റെ ഉത്തരവാദിത്വം ഹിമാചൽ മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു ഏറ്റെടുത്തുവെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് നിരീക്ഷകനായെത്തിയ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സുഖു മുഖ്യമന്ത്രിയായി തുടരുമോ എന്ന ചോദ്യത്തിന്, കോൺഗ്രസ് സർക്കാർ കാലാവധി പൂർത്തിയാക്കുമെന്നായിരുന്നു ശിവകുമാറിന്റെ മറുപടി.
ഹിമാചലിൽ ബിജെപിയുടെ വിമതനീക്കത്തിനു ചുക്കാൻ പിടിച്ചത് മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ആണെന്നു റിപ്പോർട്ടുണ്ട്. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ അമരീന്ദറിന് അയൽസംസ്ഥാനമായ ഹിമാചലിലും സ്വാധീനമുണ്ട്.