സത്താറയിൽ ശശികാന്ത് ഷിൻഡെ എൻസിപി സ്ഥാനാർഥി
Thursday, April 11, 2024 3:05 AM IST
മുംബൈ: മഹാരാഷ്ട്രയിൽ സത്താറയിൽ ശശികാന്ത് ഷിൻഡെ എൻസിപി സ്ഥാനാർഥി. എൻസിപി (ശരദ് പവാർ)യുടെ കോട്ടയായ സത്താറയിൽ അനുയോജ്യനായ സ്ഥാനാർഥിയെ കണ്ടെത്താൻ കഴിയാത്തതിനെത്തുടർന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാനോട് എൻസിപി ചിഹ്നത്തിൽ മത്സരിക്കാൻ ശരദ് പവാർ വിഭാഗം അഭ്യർഥിച്ചിരുന്നു.
താൻ കോൺഗ്രസ് ടിക്കറ്റിൽ മാത്രമേ മത്സരിക്കൂ എന്ന് ചവാൻ അറിയിച്ചതോടെ പുതിയ സ്ഥാനാർഥിയെ എൻസിപി കണ്ടെത്തുകയായിരുന്നു. ശശികാന്ത് ഷിൻഡെ നിലവിൽ എംഎൽസിയാണ്. സത്താറയിൽ അജിത് പവാർ പക്ഷം സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.
റാവേർ മണ്ഡലത്തിൽ ശ്രീരാം പാട്ടീലിനെ എൻസിപി (ശരദ് പവാർ) സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ഇതോടെ എൻസിപിയുടെ പത്തു സീറ്റുകളിൽ ഒന്‍പതിലും സ്ഥാനാർഥികളായി. മാധ സീറ്റിൽ മാത്രമാണ് ഇനി സ്ഥാനാർഥിയെ കണ്ടെത്തേണ്ടത്.
സുപ്രിയ സുലെ (ബാരാമതി), അമോൽ കോൽഹെ(ഷിരൂർ), അമർ കാലെ (വാർധ), ഭാസ്കർ ഭാഗ്രെ (ദിൻഡോരി), നിലേഷ് ലാൻകെ (അഹമ്മദ്നഗർ), ബജ്രംഗ് സോണവാനെ (ബീഡ്), സുരേഷ് മാത്രെ (ഭീവണ്ടി) എന്നീ സ്ഥാനാർഥികളെ നേരത്തേ എൻസിപി പ്രഖ്യാപിച്ചിരുന്നു.