ജനങ്ങളുടെ പ്രധാന പ്രശ്നം തൊഴിലില്ലായ്മ
Friday, April 12, 2024 2:08 AM IST
ജയ്പുർ: രാജ്യത്ത് ഇന്ന് ജനങ്ങൾ നേരിടുന്ന പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജസ്ഥാനിലെ ബീക്കാനീറിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ""രാജ്യത്തെ പ്രധാന പ്രശ്നം ഏതെന്നു ചോദിച്ചാൽ 90 ശതമാനം ആളുകളും പറയും തൊഴിലില്ലായ്മയാണെന്ന്. രണ്ടാമത് വിലക്കയറ്റവും.
എന്നാൽ, മാധ്യമങ്ങൾക്ക് അംബാനിയുടെ മകന്റെ വിവാഹമാണ് പ്രധാന വിഷയം. ജനങ്ങളുടെ ശബ്ദമുയർത്തുക എന്നതാണ് മാധ്യമങ്ങളുടെ ജോലി. പക്ഷേ അതൊരിക്കലും പൊതുജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചു സംസാരിക്കില്ല.
മാധ്യമസ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന കോടീശ്വരന്മാരായ ഉടമകൾ മാധ്യമപ്രവർത്തകരെ സംസാരിക്കാൻ അനുവദിക്കില്ല''- രാഹുൽ പറഞ്ഞു.
കർഷകർ അവരുടെ വിളകൾക്ക് മിനിമം താങ്ങുവില ആവശ്യപ്പെടുന്നു, യുവാക്കൾ തൊഴിലവസരങ്ങൾ തേടുന്നു, സ്ത്രീകൾ വിലക്കയറ്റത്തിൽനിന്നും മോചനം ആഗ്രഹിക്കുന്നു. എന്നാൽ, ആരും ഇക്കാര്യങ്ങൾ ചെവിക്കൊള്ളുന്നില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
രാജ്യത്തെ ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനാണ് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.