മുഖചിത്രത്തിൽ നിറഞ്ഞത് ഇന്ദിര, മൻമോഹൻ, മോദി
Friday, April 12, 2024 2:08 AM IST
ന്യൂഡൽഹി: ന്യൂസ് വീക്ക് വാരികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖചിത്രവും അഭിമുഖവും പ്രസിദ്ധീകരിച്ചത് ആഘോഷിക്കുകയാണ് സർക്കാർ അനുകൂല മാധ്യമങ്ങൾ. ഇന്ദിരാഗാന്ധിയെ മുഖചിത്രമാക്കിയശേഷം ആദ്യമായാണ് മറ്റൊരു ഇന്ത്യൻ പ്രധാനമന്ത്രിയെ മുഖചിത്രമാക്കി ന്യൂസ് വീക്കിന്റെ പുതിയ ലക്കം പുറത്തിറക്കിയത്.
അന്താരാഷ്ട്ര പ്രശസ്തമായ ടൈം, ന്യൂസ് വീക്ക് മാസികകളുടെ അന്താരാഷ്ട്ര എഡീഷനുകളിൽ ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ മുഖചിത്രവും പ്രധാന ലേഖനവും അപൂർവമാണ്. എന്നാൽ ഇന്ദിരാഗാന്ധി, മൻമോഹൻ സിംഗ് എന്നിവർക്കു പിന്നാലെ നരേന്ദ്ര മോദിയും ഇക്കാര്യത്തിൽ മുന്നിലെത്തി. ഇന്ദിരയെ രണ്ടുതവണ ന്യൂസ് വീക്ക് അന്താരാഷ്ട്ര എഡീഷനുകളുടെ മുന്നിലെത്തിച്ചു. 1966 ഏപ്രിൽ ലക്കത്തിലായിരുന്നു ആദ്യം.
‘പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി’ എന്ന തലക്കെട്ടോടെ പൂമാലയിട്ട ഇന്ദിരയുടെ വർണചിത്രമായിരുന്നു അന്നു നൽകിയത്. പിന്നീട് പൊഖ്റാനിലെ ആണവ പരീക്ഷണത്തിനുശേഷം 1974 ജൂണിൽ ‘ഇന്ത്യ ഗോസ് ന്യൂക്ലിയർ’ എന്ന തലക്കെട്ടോടെയായിരുന്നു ഇന്ദിരയുടെ ഒരുവശത്ത് നരകയറിയ മുടിയോടെയുള്ള ഫോട്ടോയുമായി ന്യൂസ് വീക്ക് രണ്ടാമതും അന്താരാഷ്ട്ര എഡീഷനിൽ മുഖചിത്രമാക്കിയത്.
എന്നാൽ അമേരിക്കയിലെ ടൈം വാരികയിൽ ഡോ. മൻമോഹൻ സിംഗും നരേന്ദ്ര മോദിയുമാണ് അന്താരാഷ്ട്ര എഡീഷനുകളിലെ മുഖചിത്രമായ ഇന്ത്യൻ പ്രധാനമന്ത്രിമാർ. സാന്പത്തിക പരിഷ്കാരങ്ങൾക്കു ടൈം മാസികയടക്കം ഏറെ പുകഴ്ത്തിയിരുന്ന ഡോ. മൻമോഹൻ സിംഗിനെ ‘ദി അണ്ടർ അച്ചീവർ’ എന്ന തലക്കെട്ടോടെ 2012 ജൂലൈയിൽ കവർ പുറത്തിറക്കിയ ടൈം മാസികയുടെ നടപടി വിമർശിക്കപ്പെട്ടിരുന്നു.
പിന്നീട് മോദിക്കെതിരേയും ടൈം ഇതേ രീതി അവലംബിച്ചു. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഇന്ത്യയുടെ വിഭജന മുഖ്യൻ (ഇന്‍ഡ്യാസ് ഡിവൈഡർ ഇൻ ചീഫ്) എന്ന തലക്കെട്ടിൽ ടൈം മാസിക 2010 മേയിൽ മോദിയുടെ കവർ ചിത്രം പുറത്തിറക്കിയതു വലിയ വിവാദമായിരുന്നു.
മൻമോഹനും മോദിയും ഒഴികെയുള്ള ഇന്ത്യൻ പ്രധാനമന്ത്രിമാരെ അവഗണിച്ചെങ്കിലും അമീർ ഖാൻ, സച്ചിൻ തെണ്ടുൽക്കർ എന്നിവരെയും മോദിക്കു പുറമെ 2012ൽ ടൈം മാസിക വിവിധ ലക്കങ്ങളുടെ മുഖചിത്രമാക്കി.
ഐശ്വര്യ റായിയെ 2003ലും ഷാരൂഖ് ഖാനെ 2004ലും പ്രിയങ്ക ചോപ്രയെ 2016ലും ദീപിക പദുക്കോണിനെ 2023ലും ഇതേ മാസിക മുഖചിത്രമാക്കി.
1976ൽ പർവീണ്‍ ബാബിയാണ് ടൈം മാസികയുടെ കവറിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യന്‍ സിനിമാ നായിക.