മഹാരാഷ്ട്രയിൽ ബിജെപി സഖ്യത്തിൽ തർക്കവും അനിശ്ചിതത്വവും തുടരുന്നു
Saturday, April 13, 2024 1:52 AM IST
മുംബൈ: മഹാരാഷ്ട്രയിൽ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിൽ സീറ്റ് വിഭജനകാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു.
ബിജെപി, ശിവസേന(ഷിൻഡെ), എൻസിപി(അജിത് പവാർ) കക്ഷികൾ തമ്മിൽ മുഴുവൻ സീറ്റിലും ഇതുവരെ ധാരണയായിട്ടില്ല. ഷിൻഡെ പക്ഷത്തെ ചില സീറ്റുമോഹികൾ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഏപ്രിൽ 19 മുതൽ മേയ് 20 വരെ അഞ്ചു ഘട്ടമായിട്ടാണ് മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് നടക്കുക.
സിറ്റിംഗ് എംപിമാരായ ഭാവന ഗാവ്ലി, ഹേമന്ത് പാട്ടീൽ, കൃപാൽ തുമാനെ എന്നിവർക്കു സീറ്റ് നിഷേധിച്ചതിൽ ഷിൻഡെ പക്ഷത്ത് അതൃപ്തി പുകയുകയാണ്. മുംബൈ നോർത്ത് വെസ്റ്റ് എംപിയായ ഗജാനൻ കിരിത്കറിനും സീറ്റ് നിഷേധിച്ചേക്കും. രത്നഗിരി-സിന്ധുദുർഗ്, മുംബൈ സൗത്ത്, ഔറംഗാബാദ്, നാസിക്, പാൽഘർ, താനെ, സത്താറ എന്നീ ഏഴു സീറ്റുകളിൽ മഹായുതി സഖ്യം ഇതുവരെ സ്ഥാനാർഥികളെ തീരുമാനിച്ചിട്ടില്ല. ഇതിൽ ആറു സീറ്റുകൾ 2019ൽ അവിഭക്ത ശിവസേനനേടിയിരുന്നു. ഈ സീറ്റുകൾ സഖ്യത്തിലെ വല്യേട്ടനായ ബിജെപി നോട്ടമിട്ടുണ്ട്. ബിജെപിക്ക് അനുവദിച്ച മുംബൈ നോർത്ത്-സെൻട്രലിലും സ്ഥാനാർഥിയെ കണ്ടെത്തിയിട്ടില്ല.
പ്രതിപക്ഷമായ മഹാവികാസ് അഘാഡി സീറ്റ് വിഭജനം പൂർത്തിയാക്കി പ്രചാരണം ഊർജിതമാക്കിയിട്ടുണ്ട്. കോൺഗ്രസ് മത്സരിക്കുന്ന മുംബൈ നോർത്ത്, മുംബൈ നോർത്ത് സെൻട്രൽ മണ്ഡലങ്ങളിലും എൻസിപി(ശരദ് പവാർ)യുടെ മാഥയിലും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.
താനെയിലോ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെയുടെ മണ്ഡലമായ കല്യാണിലോ മത്സരിക്കാൻ ബിജെപിക്കു താത്പര്യമുണ്ട്. എന്നാൽ, രണ്ടു സീറ്റുകളും വിട്ടുകൊടുക്കാൻ ഷിൻഡെ പക്ഷത്തിനു സമ്മതമല്ല.
നാസിക് സീറ്റും തർക്കവിഷയമാണ്. സിറ്റിംഗ് എംപി ഹേമന്ത് ഗോഡ്സെ പ്രചാരണം ആരംഭിച്ചു. ഈ സീറ്റിൽ എൻസിപി(അജിത്) മന്ത്രി ഛഗൻ ഭുജ്ബുൽ നോട്ടമിട്ടുണ്ട്.
രത്നഗിരി-സിന്ധുദുർഗ് മണ്ഡലത്തിൽ സിറ്റിംഗ് എംപി വിനായക് റൗത് ശിവസേന(താക്കറെ) സ്ഥാനാർഥിയാണ്. കേന്ദ്രമന്ത്രി നാരായൺ റാണെയ്ക്കായി ഈ സീറ്റ് ബിജെപി ആവശ്യപ്പെടുന്നു. ഷിൻഡെപക്ഷ മന്ത്രി ഉദയ് സാമന്തിന്റെ സഹോദരൻ കിരൺ സാമന്തും രത്നഗിരി-സിന്ധുദുർഗ് മണ്ഡലം ആഗ്രഹിക്കുന്നു. സൗത്ത് മുംബൈ സീറ്റിനായി ബിജെപിയും ശിവസേന(ഷിൻഡെയും) തർക്കത്തിലാണ്. നിയമസഭാ സ്പീക്കറും ബിജെപിയിലെ നേതാവുമായ രാഹുൽ നർവേക്കർ ഒരു മാസം മുന്പേ ഇവിടെ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു.
ശിവസേന(ഷിൻഡെ) രാജ്യസഭാ എംപി മിലിന്ദ് ദേവ്ര, ശിവസേന ഡെപ്യൂട്ടി നേതാവ് യശ്വന്ത് ജാദവ് എന്നിവർക്കും മുംബൈ സൗത്തിൽ താത്പര്യമുണ്ട്. മിലിന്ദ് മുന്പു രണ്ടു തവണ മുംബൈ സൗത്തിൽനിന്നു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഔറാംഗാബാദ്, പാൽഘർ സീറ്റുകൾക്കായി ശിവസേനയും ബിജെപിയും തമ്മിൽ തർക്കമുണ്ട്.
സത്താറി സീറ്റിനായി ബിജെപിയും എൻസിപി(അജിത്)യുടെ അവകാശമുന്നയിക്കുന്നു. ബിജെപിയുടെ രാജ്യസഭാംഗം ഉദയൻരാജെ ഭോസാലെ സത്താറയിൽ പ്രചാരണം തുടങ്ങിക്കഴിഞ്ഞു.