മണിപ്പുരിൽ വെടിവയ്പ്; രണ്ടു മരണം
Sunday, April 14, 2024 2:10 AM IST
ഇംഫാൽ: ലോക്സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കേ മണിപ്പുരിൽ വീണ്ടും അശാന്തി പുകയുന്നു. മെയ്തെയ് സംഘം കുക്കി ഗ്രാമം ആക്രമിച്ചതിനെത്തുടർന്ന് രണ്ടുപേർ വെടിയേറ്റു മരിച്ചു.
കുക്കി വിഭാഗക്കാരും കാങ്പോക്പി ജില്ലയിലെ നൈക്കുൾ നിവാസികളുമായ കമ്മിൻ ലാൽ ലൂഫെങ് (23), ലുഫെത്ത് എന്നിവരാണു മരിച്ചത്.
ഇംഫാൽ ഈസ്റ്റ് ജില്ലയ്ക്കും കാങ്പോക്പി ജില്ലയ്ക്കും മധ്യേ മാഫൗ ഡാമിനു സമീപമാണ് മണിക്കൂറുകളോളം പരസ്പരം വെടിവയ്പുണ്ടായത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. മെയ്തെയ് ഒളിപ്പോരാളികളായ യുഎൻഎൽഎഫ്, ആരംബായി തെങ്കോൾ, മണിപ്പുർ പോലീസ്, കമാൻഡോസ് എന്നിവർ സംയുക്തമായി കുക്കി വില്ലേജ് സംരക്ഷക പ്രവർത്തകരെ ആക്രമിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.
വെടിവച്ചുകൊന്ന യുവാക്കളുടെ മൃതദേഹങ്ങൾ അക്രമികൾ അതിക്രൂരമായി വെട്ടിമുറിക്കുന്നതിന്റെയും കുത്തുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുക്കികൾ വെള്ളിയാഴ്ച ഹെയ്റോക് എന്ന മെയ്തെയ് ഗ്രാമം ആക്രമിച്ചതിന്റെ പ്രത്യാക്രമണമാണ് ഇന്നലെ സംഭവിച്ചതെന്ന് കരുതപ്പെടുന്നു.
കൂടുതൽ പോലീസിനെയും കേന്ദ്രസേനയെയും പ്രദേശത്തു വിന്യസിച്ചിട്ടുണ്ട്. രണ്ടു മണിക്കൂർ മാത്രം നീളുന്ന സന്ദർശനത്തിനായി ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് എത്താനിരിക്കെയാണ് അനിഷ്ട സംഭവങ്ങൾ.