അഗ്നിവീർ പദ്ധതി ചവറ്റുകൊട്ടയിലെറിയും: രാഹുൽഗാന്ധി
Thursday, May 23, 2024 1:57 AM IST
മഹേന്ദ്രഗഡ്: ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാൽ അഗ്നിവീർ സൈനിക റിക്രൂട്ട്മെന്റ് പദ്ധതി റദ്ദാക്കി ചവറ്റുകൊട്ടയിലെറിയുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി.
പ്രധാനമന്ത്രി മോദി ജവാന്മാരെ തൊഴിലാളികളാക്കി മാറ്റിയെന്ന് രാഹുൽ കുറ്റപ്പെടുത്തി. ഹരിയാനയിലെ ഭിവാനി-മഹേന്ദ്രഗഡ് ലോക്സഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ. ഹരിയാനയിൽ ഇദ്ദേഹത്തിന്റെ ആദ്യ റാലിയായിരുന്നു ഇത്.
22 ശതകോടീശ്വരന്മാരുടെ 16 ലക്ഷം കോടി രൂപ കടം മോദി എഴുതിത്തള്ളി. കർഷകരുടെ കടം എഴുതിത്തള്ളില്ലെന്ന് പരസ്യമായി പറഞ്ഞു.
കർഷകരെ സംരക്ഷിക്കാനും അവർക്ക് കൃത്യമായ നഷ്ടപരിഹാരം ലഭിക്കാനുമായിരുന്നു ഞങ്ങൾ ഭൂമി ഏറ്റെടുക്കൽ ബിൽ കൊണ്ടുവന്നത്. എന്നാൽ, മോദി സർക്കാർ അതു റദ്ദാക്കി-രാഹുൽ പറഞ്ഞു.
അധികാരത്തിലെത്തിയാൽ ബിജെപി ഭരണഘടന മാറ്റുമെന്ന് സോണിപത്തിലെ റാലിയിൽ രാഹുൽ പറഞ്ഞു. ഭരണഘടനയും സംവരണവും സംരക്ഷിക്കാനാണ് ഈ തെരഞ്ഞെടുപ്പ്. ശതകോടീശ്വരന്മാർ ഒരു ഭാഗത്തും കർഷകർ, തൊഴിലാളികൾ, തൊഴിൽരഹിത യുവാക്കൾ എന്നിവരെ മറുഭാഗത്തുമായി ഈ രാജ്യത്തെ മോദി സർക്കാർ വിഭജിച്ചിരിക്കുകയാണ്.
ധനികർ കൂടുതൽ ധനികരാകുന്പോൾ ദരിദ്രർ കൂടുതൽ ദരിദ്രരാകുന്നു. അഗ്നിവീർ പദ്ധതി മോദിയുടെ പദ്ധതിയാണ്; സൈന്യത്തിന്റേതല്ല, സൈന്യത്തിന് ഇത് ആവശ്യമില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) ആണ് അഗ്നിവീർ പദ്ധതിക്കു രൂപം നല്കിയത്-രാഹുൽ പറഞ്ഞു.