സ്ത്രീകളെ രണ്ടാംകിട പൗരന്മാരായി ബിജെപി കരുതുന്നു: രാഹുൽ ഗാന്ധി
സ്വന്തം ലേഖകൻ
Friday, May 24, 2024 5:58 AM IST
ന്യൂഡൽഹി: സ്ത്രീകളെ ബിജെപി രണ്ടാംകിട പൗരന്മാരായാണു കരുതുന്നതെന്ന് കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപിയുടെ മാതൃസംഘടനയായ ആർഎസ്എസ് സ്ത്രീകൾക്കു ശാഖകളിൽ പ്രവേശനം നിഷേധിച്ചത് അതുകൊണ്ടാണെന്നും നോർത്ത് വെസ്റ്റ് ഡൽഹി മണ്ഡലത്തിലെ പ്രചാരണയോഗത്തിൽ പ്രസംഗിക്കവെ രാഹുൽ പറഞ്ഞു.
ബിജെപി വനിതാസംവരണ ബിൽ പാസാക്കിയെങ്കിലും ഇതുവരെ അതു നടപ്പിലാക്കിയിട്ടില്ല. കള്ളവും വ്യാജ പ്രചാരണവും മാത്രമാണ് ബിജെപി നടത്തുന്നതെന്ന് മൻഗോൾപുരിയിലെ കോണ്ഗ്രസ് സ്ഥാനാർഥി ഉദിത് രാജിനായി നടത്തിയ പ്രചാരണറാലിയിൽ രാഹുൽ കുറ്റപ്പെ ടുത്തി.
ഇന്ത്യയിൽ ആളുകൾ തൊഴിലെടുക്കുന്നതിനെക്കുറിച്ച് വലിയ ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ, സ്ത്രീകൾ ചെയ്യുന്ന ജോലികളെക്കുറിച്ച് ചർച്ച നടക്കുന്നില്ല.
16 മണിക്കൂർ വരെ സ്ത്രീകൾ ജോലി ചെയ്യുന്നു. പുരുഷന്മാർ എട്ടു മണിക്കൂർ മാത്രമാണു ജോലി ചെയ്യുന്നത്. കുട്ടികളെ പരിപാലിക്കുന്നതും വീട് നോക്കുന്നതും സ്ത്രീകളാണ്. ഇതിനുള്ള കൂലി അവർക്കു ലഭിക്കുന്നില്ല- രാഹുൽ ഗാന്ധി പറഞ്ഞു. കോണ്ഗ്രസ് അധികാരത്തിലെത്തിയാൽ മഹാലക്ഷ്മി യോജന പദ്ധതി നടപ്പിലാക്കും. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബത്തിലെ സ്ത്രീകൾക്കു മാസം 8500 രൂപ തോതിൽ വർഷം ഒരു ലക്ഷം രൂപ നൽകുന്നതാണ് പദ്ധതി.
മോദിസർക്കാർ ഭരണഘടനയെ കീറിയെറിയാനാണ് ആഗ്രഹിക്കുന്നതെന്ന് ദിൽഷാദ് ഗാർഡനിൽ കോണ്ഗ്രസ് സ്ഥാനാർഥി കനയ്യകുമാറിന്റെ പ്രചാരണ യോഗത്തിൽ രാഹുൽ പറഞ്ഞു. ഭരണഘടന സംരക്ഷിക്കാനാണു കോണ്ഗ്രസ് ശ്രമിക്കുന്നത്. ഭരണഘടന എന്നത് ഒരു പുസ്തകം മാത്രമല്ല, ഗാന്ധിയുടെയും അംബേദ്കറിന്റെയും നെഹ്റുവിന്റെയും പ്രത്യയശാസ്ത്രമാണെന്നും രാഹുൽ പറഞ്ഞു.
ആറാംഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ച ഇന്നലെ രാഹുൽ ഗാന്ധി മെട്രോ ട്രെയിനിൽ യാത്ര നടത്തി ജനങ്ങളുമായി സംവദിച്ചു. രാഹുൽ മെട്രോയിൽ യാത്ര ചെയ്യുന്നതിന്റെയും അളുകളുമായി സംസാരിക്കുന്നതിന്റെയും ദൃശ്യങ്ങൾ എക്സ് പ്ലാറ്റ്ഫോമിൽ പാർട്ടി പങ്കുവച്ചിട്ടുണ്ട്.