പ്രതിബന്ധങ്ങൾ തരണംചെയ്ത് ടിങ്കേഷ് എവറസ്റ്റ് ബേസ് ക്യാന്പിൽ
Friday, May 24, 2024 5:58 AM IST
പനാജി (ഗോവ): രണ്ടുകാലുകളും ഒരു കൈയും നഷ്ടപ്പെട്ട അംഗപരിമിതനായ ടിങ്കേഷ് കൗശിക്, എവറസ്റ്റ് ബേസ് ക്യാന്പിലെത്തി ചരിത്ര നേട്ടം കുറിച്ചു. ശാരീരിക അവശതകളും തണുത്ത കാലാവസ്ഥയും തരണംചെയ്താണ് ഗോവയിൽനിന്നുള്ള മുപ്പതുകാരനായ ടിങ്കേഷ് കൗശിക്ക് എവറസ്റ്റ് ബേസ് ക്യാന്പിലെത്തിയത്. നേപ്പാളിൽനിന്ന് മേയ് നാലിന് യാത്ര ആരംഭിച്ച് 11നാണ് സമുദ്രനിരപ്പിൽനിന്ന് 17,598 അടി ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാന്പിലെത്തി, അവിടെ ദേശീയ പതാക ഉയർത്തി ടിങ്കേഷ് ഭിന്നശേഷിക്കാരുടെ അഭിമാനമായത്.
ഇതോടെ, മൗണ്ട് എവറസ്റ്റ് ബേസ് ക്യാന്പിൽ എത്തുന്ന ലോകത്തിലെ ആദ്യത്തെ ട്രിപ്പിൾ അംഗവൈകല്യമുള്ളയാളായി ടിങ്കേഷ് കൗശിക് മാറിയെന്ന് ഡിസെബിലിറ്റി റൈറ്റ്സ് അസോസിയേഷൻ ഓഫ് ഗോവ (ഡ്രാഗ്) മേധാവി അവെലിനോ ഡിസൂസ പറഞ്ഞു. ഒൻപതു വയസുള്ളപ്പോൾ വൈദ്യുതാഘാതമേറ്റതിനെത്തുടർന്നാണ് ടിങ്കേഷിന് ഒരു കൈയും മുട്ടിനു താഴെ രണ്ടു കാലുകളും നഷ്ടപ്പെട്ടത്. പിന്നീട് കൃത്രിമ കൈകാലുകൾ ഉപയോഗിച്ച് ജീവിതം മുന്നോട്ടു നയിച്ച ടിങ്കേഷ് ഇപ്പോൾ ഗോവയിൽ ഫിറ്റ്നസ് കോച്ചാണ്.
വെല്ലുവിളികൾ നിറഞ്ഞ തന്റെ ഉദ്യമം പൂർത്തിയാക്കിയയുടൻ, ടിങ്കേഷ് കൗശിക് തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു:- ‘ഇന്ന് എവറസ്റ്റ് ബേസ് ക്യാന്പിലേക്കുള്ള ട്രെക്കിംഗ് വെല്ലുവിളി ഞാൻ പൂർത്തിയാക്കി. 90 ശതമാനം ലോക്കോമോട്ടർ വൈകല്യമുള്ള ആദ്യത്തെ ട്രിപ്പിൾ അംഗപരിമിതൻ എന്ന നിലയിൽ ഈ നേട്ടം ഞാൻ കൈവരിക്കുന്നു, എന്നെ സംബന്ധിച്ചിടത്തോളം ഇതു വലിയ വൈകാരിക നിമിഷമാണ്’.