രാജ്യസഭയിൽ എൻഡിഎയ്ക്ക് ഭൂരിപക്ഷമില്ലാതായി
Tuesday, July 16, 2024 2:26 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: രാജ്യസഭയിൽ ബിജെപിയുടെ അംഗബലം 86 ആയി കുറഞ്ഞു. നിലവിൽ 225 അംഗങ്ങളുള്ള രാജ്യസഭയിൽ എൻഡിഎ എംപിമാരുടെ എണ്ണം 101 ആയും കുറഞ്ഞു. ഇതോടെ ബില്ലുകൾ പാസാക്കാൻ കേന്ദ്രസർക്കാരിന് സ്വതന്ത്രരുടെയും ഇന്ത്യ മുന്നണിക്കു പുറത്തുള്ള പാർട്ടികളുടെയും സഹായം തേടേണ്ടിവരും.
ലോക്സഭയിലും ബിജെപിക്ക് തനിയെ കേവല ഭൂരിപക്ഷം ഇല്ലാത്തതിനാൽ ടിഡിപി, ജെഡി-യു അടക്കമുള്ള സഖ്യകക്ഷികളുടെ പിന്തുണ അനിവാര്യമാണ്.
നോമിനേറ്റഡ് എംപിമാരായിരുന്ന സോണാൽ മാൻസിംഗ്, മഹേഷ് ജഠ്മലാനി, രാകേഷ് സിൻഹ, രാം ഷക്കൽ എന്നിവർ കാലാവധി പൂർത്തിയാക്കി വിരമിച്ചതോടെയാണ് രാജ്യസഭയിൽ ബിജെപിയുടെ അംഗബലം കുറഞ്ഞത്. 245 ആണ് രാജ്യസഭയുടെ അംഗസംഖ്യ. ഇതിൽ പല സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നതിനാലാണ് നിലവിൽ 225 പേരായി ചുരുങ്ങിയത്.
രാജ്യസഭയിൽ എൻഡിഎയ്ക്ക് 101 എംപിമാരും പ്രതിപക്ഷ ഇന്ത്യ സഖ്യത്തിന് 87 എംപിമാരുമാണുള്ളത്. ഇന്ത്യ സഖ്യത്തിൽ കോണ്ഗ്രസ്- 26, തൃണമൂൽ- 13, ആം ആദ്മി പാർട്ടി, ഡിഎംകെ-പത്തു വീതം, ആർജെഡി- അഞ്ച്, സിപിഎം, എസ്പി-നാലുവീതം, ജെഎംഎം- 3 എന്നിങ്ങനെയാണ് അംഗബലം. കേരളത്തിൽനിന്ന് രാജ്യസഭയിൽ കോണ്ഗ്രസിനുപുറമെ സിപിഎം, സിപിഐ, മുസ്ലിം ലീഗ്, കേരള കോണ്ഗ്രസ്-എം പാർട്ടികളടക്കം യുഡിഎഫിലെയും എൽഡിഎഫിലെയും ഒന്പത് എംപിമാരും ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണ്.
ആകെയുള്ള 12 നോമിനേറ്റഡ് എംപിമാരിൽ നാല് ഒഴിവുകൾ വന്നതോടെ എട്ടുപേരുടെ പിന്തുണ മാത്രമാണ് സർക്കാരിനു ലഭിക്കുക. നാല് ഒഴിവുകൾ നികത്തുന്നതുവരെ അടുത്ത തിങ്കളാഴ്ച തുടങ്ങുന്ന ബജറ്റ് സമ്മേളനത്തിൽ സർക്കാരിന് വലിയ വെല്ലുവിളി നേരിടേണ്ടിവരും.
എൻഡിഎയിലും ഇന്ത്യ സഖ്യത്തിലും ഇല്ലാത്ത ആന്ധ്രാപ്രദേശിലെ വൈഎസ്ആർ കോണ്ഗ്രസ്-11, ഒഡീഷയിലെ ബിജെഡി-ഒന്പത്, തെലുങ്കാനയിലെ ബിആർഎസ്-നാല്, തമിഴ്നാട്ടിലെ അണ്ണാ ഡിഎംകെ-നാല് പാർട്ടികളിലെ എംപിമാരെ ബിജെപി നോട്ടമിട്ടിട്ടുണ്ട്.
മൂന്നു സ്വതന്ത്ര എംപിമാരിൽ കപിൽ സിബൽ കടുത്ത ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്നതിനാൽ അദ്ദേഹത്തിന്റെ വോട്ട് സർക്കാരിനു ലഭിക്കില്ല. ഈ സാഹചര്യത്തിൽ രാജ്യസഭയിൽ ബില്ലുകൾ പാസാക്കാൻ ചുരുങ്ങിയത് 13 എംപിമാരുടെ പിന്തുണയ്ക്കായി മോദി സർക്കാരിന് രണ്ടു പാർട്ടികളുടെയെങ്കിലും പിന്തുണ എപ്പോഴും ആവശ്യമായി വരും.
നിലവിൽ ഒഴിഞ്ഞുകിടക്കുന്ന 20 സീറ്റുകളിൽ ചിലതൊക്കെ പ്രതിപക്ഷം നേടുമെന്നതും കേന്ദ്രത്തിനു തലവേദനയാണ്. മഹാരാഷ്ട്ര, ആസാം, ബിഹാർ എന്നിവിടങ്ങളിൽ രണ്ടു സീറ്റുകൾ വീതവും ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, തെലുങ്കാന, ത്രിപുര എന്നിവിടങ്ങളിൽ ഒരു സീറ്റ് വീതവുമാണ് ഇനി രാജ്യസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനുള്ളത്.