സിസിബിഐയുടെ ഭോപ്പാലിലെ പുതിയ ഓഫീസ് ആശീർവദിച്ചു
Wednesday, July 17, 2024 1:04 AM IST
ഭോപ്പാൽ: ഇന്ത്യയിലെ ലത്തീൻ കത്തോലിക്കാ മെത്രാന്മാരുടെ സമിതിയായ കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്സ് ഇൻ ഇന്ത്യ(സിസിബിഐ) മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ പുതിയ ഓഫീസ് തുറന്നു.
നേരത്തേ ഹൊഷംഗാബാദ് ജില്ലയിലെ പാച്ച്മാർഹിയിൽ സ്ഥിതിചെയ്തിരുന്ന ഓഫീസാണ് ഭോപ്പാലിലെ തുൾസി നഗറിലുള്ള സേവാസദൻ ബിൽഡിംഗിലേക്കു മാറ്റിയത്.
സിസിബിഐയുടെ പ്രൊക്ലമേഷൻ സെക്രട്ടേറിയറ്റാണ് ഇവിടെ പ്രവർത്തിക്കുന്നത്. സിസിബിഐ കമ്മീഷൻ ഫോർ പ്രൊക്ലമേഷൻ ചെയർമാൻ ആർച്ച്ബിഷപ് ഡോ. സെബാസ്റ്റ്യൻ ദുരൈരാജ് പുതിയ ഓഫീസിന്റെ ആശീർവാദകർമവും ഉദ്ഘാടനവും നിർവഹിച്ചു.
സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ.ഡോ. സ്റ്റീഫൻ ആലത്തറ, റവ.ഡോ. അംബ്രോസ് പിച്ചൈമുത്തു, ഫാ. രാജു മാത്യു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
1988ലാണ് സിസിബിഐ കമ്മീഷൻ ഫോർ പ്രൊക്ലമേഷൻ ഓഫീസ് പ്രവർത്തനമാരംഭിച്ചത്.