ഒമാൻ തീരത്ത് എണ്ണടാങ്കർ മുങ്ങി
Thursday, July 18, 2024 1:57 AM IST
ദുബായ്/മസ്കറ്റ്: ഒമാൻ തീരത്ത് എണ്ണടാങ്കർ മുങ്ങി കാണാതായ 16 ജീവനക്കാരിൽ ഒമ്പതു പേരെ രക്ഷപ്പെടുത്തി. ഇതില്‍ എട്ടുപേര്‍ ഇന്ത്യക്കാരാണ്. കൊമോറോസിന്റെ പതാകയുള്ള പ്രസ്റ്റീജ് ഫാൽക്കണ്‍ എന്ന ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്.
16 ജീവനക്കാരില്‍ 13 ഇന്ത്യക്കാരും മൂന്നു ശ്രീലങ്കക്കാരുമായിരുന്നു. രക്ഷാപ്രവർത്തനത്തിനായി ഒമാൻ നാവികസേനയ്ക്കൊപ്പം ഇന്ത്യൻ സേനയും അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. നാവിക സേനയുടെ ഐഎൻഎസ് തേജും വ്യോമസേനയുടെ മാരിടൈം സർവൈലൻസ് വിമാനവും തെരച്ചിലിൽ പങ്കെടുക്കുന്നുണ്ടെന്ന് ഒമാൻ മാരിടൈം സുരക്ഷാകേന്ദ്രം പറഞ്ഞു.
ഒമാനിലെ തുറമുഖനഗരമായ ദുഖമിനു സമീപം റാസ് മദ്രാക്കയ്ക്ക് 25 നോട്ടിക്കൽ മൈൽ അകലെയാണ് ടാങ്കർ അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച ദുബായിലെ അൽ ഹംരിയ തുറമുഖത്തുനിന്നു പുറപ്പെട്ട കപ്പൽ ഇന്ന് യെമനിലെ ഏദനിൽ നങ്കൂരമിടേണ്ടതായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച മുതലാണ് കപ്പലിൽനിന്ന് സന്ദേശങ്ങൾ മുടങ്ങിയത്. 2007ൽ നിർമിച്ച 117 മീറ്റർ നീളമുള്ള കപ്പൽ തലകീഴായി മറിഞ്ഞുവെങ്കിലും ഇന്ധനം ചോർന്നിട്ടില്ല എന്നാണു സൂചന. ഒമാനിലെ പ്രമുഖ തുറമുഖമാണ് ദുഖം.