ഡോ. പി.എ. ജോർജിന് ജപ്പാന്റെ ബഹുമതി
Saturday, October 12, 2024 1:48 AM IST
ന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലാ മുൻ പ്രഫസർ ഡോ. പി.എ. ജോർജിന് ജപ്പാൻ സർക്കാരിന്റെ ബഹുമതി.
ഇന്ത്യയിൽ ജാപ്പനീസ് പഠനം പ്രോത്സാഹിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊർജിതമാക്കുന്നതിനും നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് ജപ്പാൻ ചക്രവർത്തിയുടെ വിശിഷ്ടമായ ‘ഓർഡർ ഓഫ് ദ റൈസിംഗ് സണ്‍, ഗോൾഡ് റേയ്സ് വിത്ത് നെക് റിബണ്‍’ ബഹുമതി ജോർജിനു ലഭിച്ചത്.
ഡൽഹിയിലെ ജപ്പാൻ എംബസിയിൽ നടന്ന ചടങ്ങിൽ ആക്ടിംഗ് അംബാസഡർ ആരിയൊഷി തകാഷി ജപ്പാന്റെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതി ജോർജിന് സമ്മാനിച്ചു. ജെഎൻയു സ്കൂൾ ഓഫ് ലാംഗേ്വജ്, ലിറ്ററേച്ചർ ആൻഡ് കൾച്ചർ സ്റ്റഡീസിലെ സെന്റർ ഫോർ ജാപ്പനീസ് സ്റ്റഡീസിന്റെ ചെയർപേഴ്സനായിരുന്നു ഡോ. ജോർജ്.
കോട്ടയം ആറുമാനൂരിലെ പരേതരായ കണിച്ചിറയിൽ ഏബ്രഹാം-മേരി ദന്പതികളുടെ മകനാണു ന്യൂഡൽഹിയിൽ താമസമാക്കിയ ഡോ. ജോർജ്. പാലാ സെന്റ് തോമസ് കോളജിലെ മുൻ മലയാളം പ്രഫസർ പരേതനായ സി.ജെ. സെബാസ്റ്റ്യന്റെ മകൾ സോഫിയയാണു ഭാര്യ. ഏകമകൾ ഹാറുക ജോർജ് ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് ഉദ്യോഗസ്ഥയാണ്.
ജപ്പാൻ ഫൗണ്ടേഷൻ ഫെലോഷിപ്പിന് നാലുതവണ ഡോ. ജോർജ് അർഹനായിട്ടുണ്ട്. ജപ്പാനിലെ പ്രമുഖ സർവകലാശാലകളിൽ വിസിറ്റിംഗ് ഫെലോയും വിസിറ്റിംഗ് പ്രഫസറുമായിരുന്നു.
ജാപ്പനീസ് ഫോറിൻ മിനിസ്റ്റേഴ്സ് കമൻഡേഷനും മിയാസാവ കെൻജി ഷോറെയിഷോ അവാർഡും നേടിയിട്ടുണ്ട്. എഡിറ്റിംഗും വിവർത്തനവുമടക്കം 23 പുസ്തകങ്ങൾ ഡോ. ജോർജ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.