സാങ്കേതിക തകരാര്‍: രണ്ടര മണിക്കൂർ വട്ടംകറക്കിയശേഷം വിമാനം തിരിച്ചിറക്കി
Saturday, October 12, 2024 2:12 AM IST
തിരുച്ചിറപ്പിള്ളി: പറന്നുയര്‍ന്നതിനു തൊട്ടുപിന്നാലെ ഹൈഡ്രോളിക് സംവിധാനം തകരാറിലായെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം തിരുച്ചിറപ്പിള്ളിയില്‍ തിരിച്ചിറക്കി.
144 യാത്രക്കാരുമായി ഇന്നലെ വൈകുന്നേരം 5.40നാണ് എയര്‍ ഇന്ത്യ എക്സ്ബി 613 വിമാനം ഷാര്‍ജയിലേക്കു പുറപ്പെട്ടത്. തൊട്ടുപിന്നാലെ സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
മുഴുവന്‍ ഇന്ധനവുമായി തിരിച്ചിറക്കുന്നത് സുരക്ഷിതമല്ലാത്തതിനാല്‍ വിമാനത്താവളത്തിനുചുറ്റും രണ്ടര മണിക്കൂറോളം പറന്നശേഷം 8.15 ഓടെയാണു വിമാനം ഇറങ്ങിയത്. ഇതോടെ മണിക്കൂറുകൾ നീണ്ട ആശങ്കയും നെടുവീർപ്പുകളും ആർപ്പുവിളികൾക്കും കരഘോഷങ്ങൾക്കും വഴിമാറി.
രാത്രി എഴരയോടെ തിരുച്ചിറപ്പിള്ളി വിമാനത്താവളത്തില്‍ ആംബുലന്‍സുകളും അഗ്നിശമന സംവിധാനങ്ങളും ഉള്‍പ്പെടെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. മുഴുവന്‍ യാത്രക്കാരും സുരക്ഷിതരാണെന്ന് വിമാനത്താവളം അധികൃതര്‍ പിന്നീട് അറിയിച്ചു.