മദ്രസ ബോർഡുകൾ പൂട്ടണം; ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദേശം
സ്വന്തം ലേഖകൻ
Monday, October 14, 2024 3:41 AM IST
ന്യൂഡൽഹി: മദ്രസകൾക്കും മദ്രസ ബോർഡുകൾക്കും സർക്കാർ നൽകുന്ന ധനസഹായം നിർത്തലാക്കണമെന്നും മദ്രസ ബോർഡുകൾ പ്രവർത്തനം അവസാനിപ്പിച്ചു പൂട്ടണമെന്നും ശിപാർശ ചെയ്ത് ദേശീയ ബാലാവകാശ കമ്മീഷൻ (എൻസിപിസിആർ).
മദ്രസകളിൽ കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമം-2009 ലംഘിക്കപ്പെടുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ നിർദേശം. ഇതു സംബന്ധിച്ച് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് എൻസിപിസിആർ ചെയർമാൻ പ്രിയങ്ക് കനൂംഗോ കത്തയച്ചു.
മദ്രസകളിലെ വിദ്യാഭ്യാസവുമായി ബന്ധപ്പെടുത്തി കമ്മീഷൻ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 11 അധ്യായങ്ങളടങ്ങുന്ന 72 പേജുള്ള "വിശ്വാസത്തിന്റെ സംരക്ഷകരോ അതോ അവകാശങ്ങളെ അടിച്ചമർത്തുന്നവരോ?’ എന്ന റിപ്പോർട്ടിനൊപ്പമാണ് ചീഫ് സെക്രട്ടറിമാർക്ക് കമ്മീഷൻ കത്തയച്ചത്.
ദേശീയ ബാലാവകാശ കമ്മീഷന്റെ ചുമതലകളെന്താണെന്ന ആമുഖത്തോടെ തുടങ്ങുന്ന കത്തിൽ, വിദ്യാഭ്യാസ അവകാശ നിയമമടക്കം വിവരിക്കുന്നുണ്ട്. സമത്വം, സാമൂഹ്യനീതി, ജനാധിപത്യം തുടങ്ങിയ മൂല്യങ്ങൾ കൈവരിക്കുന്നതിന് എല്ലാവരെയും ഉൾക്കൊള്ളുന്ന വിദ്യാഭ്യാസം നൽകുന്നതിലൂടെ മാത്രമേ സാധ്യമാകൂ. 2009 വിദ്യാഭ്യാസ അവകാശനിയമത്തിൽനിന്ന് മതസ്ഥാപനങ്ങളെ ഒഴിവാക്കിയത് മതസ്ഥാപനങ്ങളിൽ മാത്രം പഠിക്കുന്ന കുട്ടികളെ ഔപചാരിക വിദ്യാഭ്യാസത്തിൽനിന്ന് ഒഴിവാക്കുന്നതിലേക്കു നയിച്ചു എന്നും കത്തിൽ ആരോപിക്കുന്നു.
ഇതുവഴി കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാകുന്നത് നിഷേധിക്കപ്പെട്ടു. വിദ്യാഭ്യാസ അവകാശ നിയമം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. നേരത്തെ, മദ്രസകളിൽ നൽകിവരുന്ന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിൽ ആശങ്കയറിയിച്ചു കമ്മീഷൻ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.
എല്ലാ കുട്ടികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്വമാണെന്ന് കത്തിൽ വ്യക്തമാക്കി. ഒരു ബോർഡ് രൂപീകരിച്ചതുകൊണ്ടോ വിദ്യാഭ്യാസത്തിനായുള്ള ഏകീകൃത ജില്ലാ വിവര സംവിധാനങ്ങൾ ഉപയോഗിച്ചതുകൊണ്ടോ മദ്രസകൾ വിദ്യാഭ്യാസ അവകാശ നിയമം പാലിക്കുന്നുണ്ടെന്ന് അർഥമാക്കാൻ കഴിയില്ല. അതിനാൽ മദ്രസകൾക്കും മദ്രസ ബോർഡുകൾക്കും നൽകുന്ന സർക്കാർ ധനസഹായം നിർത്താൻ ശിപാർശ ചെയ്യുന്നതായും ദേശീയ ബാലാവകാശ കമ്മീഷൻ ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ വ്യക്തമാക്കി.
കേരളം പറഞ്ഞത് പച്ചക്കള്ളം: പ്രിയങ്ക് കനൂംഗോ
സംസ്ഥാന സർക്കാരിന്റെ ഫണ്ടോടുകൂടി കേരളത്തിൽ മദ്രസകൾ പ്രവർത്തിക്കുന്നില്ല എന്ന കേരളത്തിന്റെ പ്രതികരണം പച്ചക്കള്ളമെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനൂംഗോ. എത്ര മദ്രസകൾ പ്രവർത്തിക്കുന്നുണ്ടെന്ന കമ്മീഷന്റെ ചോദ്യത്തിന് സംസ്ഥാന ചീഫ് സെക്രട്ടറി നൽകിയ മറുപടിയോടു പ്രതികരിക്കവെയാണ് കേരളത്തിന്റെ മറുപടി പച്ചക്കള്ളമാണെന്ന് അദ്ദേഹം പറഞ്ഞത്.
മദ്രസകളിൽ പഠിക്കുന്ന വിദ്യാർഥികൾ, അവരുടെ മാതാപിതാക്കൾ, അധ്യാപകർ എന്നിവർക്കിടയിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്കാൻ ഇത്തരം സ്ഥാപനങ്ങൾ പരാജയപ്പെട്ടു. അതിനാലാണ് ഇത്തരം ഒരു നിർദേശം മുന്പോട്ടു വയ്ക്കുന്നതെന്നും ഇന്നലെ മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചു. വിഷയം പഠിച്ച് നിർദേശങ്ങൾ നൽകുകയാണ് കമ്മീഷന്റെ ഉത്തരവാദിത്വം. അതു നടപ്പിലാക്കേണ്ടത് സംസ്ഥാനങ്ങളാണ്. ഇതിനു വിസമ്മതിക്കുന്ന പക്ഷം കോടതിയെ സമീപിക്കാമെന്നും കനൂംഗോ വ്യക്തമാക്കി.