കോവിഡ് വാക്സിനെ ചോദ്യംചെയ്തുള്ള ഹർജി സുപ്രീംകോടതി തള്ളി
Tuesday, October 15, 2024 2:06 AM IST
ന്യൂഡൽഹി: കോവിഡ് വാക്സിനുകളുടെ പാർശ്വഫലങ്ങൾ ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹർജി സുപ്രീംകോടതി ഇന്നലെ തള്ളി.
ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിൽ ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.
രക്തം കട്ടപിടിക്കുന്നതുപോലുള്ള പാർശ്വഫലങ്ങൾ കോവിഡ് വാക്സിനുകൾക്ക് ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. യുകെപോലുള്ള വിദേശ രാജ്യങ്ങളിൽ ഇതേ ആശങ്കയുമായി ബന്ധപ്പെട്ട് ക്ലാസ് ആക്ഷൻ സ്യൂട്ട് ഫയൽ ചെയ്തിട്ടുണ്ടെന്നും ഹർജിക്കാർ കോടതിയിൽ സൂചിപ്പിച്ചു.
പകർച്ചവ്യാധി മറികടക്കാൻ ആഗോളതലത്തിൽ വാക്സിനുകൾ സഹായിച്ചിട്ടുണ്ടെന്നും ഇപ്പോൾ അത്തരം ഹർജികൾ ഫയൽ ചെയ്യുന്നത് ഉചിതമല്ലെന്നും കേസ് പരിഗണിക്കുന്പോൾ തന്നെ ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
ഹർജി ഇപ്പോൾ പരിഗണിച്ചാൽ കൂടുതൽ ആശയക്കുഴപ്പത്തിലേക്ക് നയിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. വാക്സിൻ എടുത്തതിനാൽ ഹർജിക്കാരന് എന്തെങ്കിലും പാർശ്വഫലം നേരിട്ടോ എന്നും കോടതി ചോദിച്ചു. ഇല്ല എന്നായിരുന്നു ഹർജിക്കാരന്റെ മറുപടി. ഹർജിക്കാരന് ക്ലാസ് ആക്ഷൻ സ്യൂട്ട് ഫയൽ ചെയ്യാമെന്നും കോടതി വ്യക്തമാക്കി.