ലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നവംബർ 16ന്
Friday, September 20, 2019 12:23 AM IST
കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നവംബർ 16നു നടത്തും. ഒക്ടോബർ ഏഴിനു നോമിനേഷൻ സ്വീകരിക്കുമെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. പ്രതിപക്ഷത്തിന്റെ സ്ഥാനാർഥി മുൻ പ്രതിരോധ സെക്രട്ടറി ഗോതബ്യ രാജപക്സെയായിരിക്കും. രണ്ടു വട്ടം പ്രസിഡന്റായതിനാൽ ഇനി മത്സരിക്കാൻ വിലക്കുള്ളതിനാലാണ് മഹിന്ദ രാജപക്സെ മത്സരരംഗത്തുനിന്നു പിന്മാറി സഹോദരനെ മത്സരിപ്പിക്കുന്നത്.
ഭരണമുന്നണിയുടെ സ്ഥാനാർഥിയെ ഇനിയും തീരുമാനിച്ചിട്ടില്ല. യുഎൻപി നേതാവും പ്രധാനമന്ത്രിയുമായ റനിൽ വിക്രമസിംഗെയും ഡെപ്യൂട്ടി നേതാവ് സജിത് പ്രേമദാസയും സ്പീക്കർ കരു ജയസൂര്യയും സ്ഥാനാർഥിത്വത്തിനു ശ്രമിക്കുന്നുണ്ട്.